'ആളുകള്‍ തടിച്ച് കൂടിയിട്ടും മുൻകരുതൽ എടുത്തില്ല'; കരൂർ ദുരന്തത്തിൽ വീഴ്ചകൾ അക്കമിട്ട് കേന്ദ്ര ഏജൻസികൾ

ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചില്ലെന്നും മതിയായ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു

'ആളുകള്‍ തടിച്ച് കൂടിയിട്ടും മുൻകരുതൽ എടുത്തില്ല'; കരൂർ ദുരന്തത്തിൽ വീഴ്ചകൾ അക്കമിട്ട് കേന്ദ്ര ഏജൻസികൾ
dot image

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തി കേന്ദ്ര ഏജന്‍സികള്‍. പരിപാടിക്കായി സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പതിനായിരം പേരെ ഉള്‍ക്കൊള്ളിക്കുന്ന നിലയിലായിരുന്നു പരിപാടിക്ക് അനുമതി തേടിയത്. എന്നാല്‍ പതിനായിരത്തില്‍ മേല്‍ ആളുകള്‍ പങ്കെടുക്കുന്ന വിധത്തിലുള്ള ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

വിജയ് ഉച്ചയോടെ എത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും പത്ത് മണിയോടെ തന്നെ പരിപാടി നടന്ന വേലുചാമിപുരത്ത് ആളുകള്‍ തടിച്ചുകൂടി തുടങ്ങി. ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോഴും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. 45,000 പേര്‍ വേലുചാമിപുരത്ത് ഉണ്ടായിരുന്നു. ഫ്‌ളൈ ഓവര്‍ പരിസരത്ത് പതിനായിരം മുതല്‍ പതിനയ്യായിരം ആളുകള്‍ വരെയുണ്ടായിരുന്നു. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി.
ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

ആളുകളുടെ എണ്ണം കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഇവരെ ഉള്‍ക്കൊള്ളുന്നതിനും ബദല്‍ പ്ലാനുകള്‍ ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ആളുകളെ നിയന്ത്രിക്കാന്‍ ടിവികെ ഒരുക്കിയ ക്രമീകരണം മതിയായില്ല. തിക്കും തിരക്കും ഉണ്ടായപ്പോള്‍ നിയന്ത്രണത്തില്‍ ഏകോപനം പാളി. മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാതെയായി. ടിവികെ നേതാക്കള്‍ക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പൊലീസിനും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടാട്ടിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്.

പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. ഇന്നലെ മരണം നാല്‍പത് ആയി. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് മരിച്ചവര്‍ 41 ആണ്. സുഗുണ എന്ന 65കാരിയാണ് ഒടുവില്‍ മരിച്ചത്. അറുപതോളം പേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Content Highlights- central agencies against police and tvk workers over vijay rally stampede

dot image
To advertise here,contact us
dot image