
ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശ് സ്വദേശിയെ അടിച്ചുകൊന്നതായി പരാതി. മധ്യപ്രദേശിലെ മന്ദ്‌സൊര്‍ സ്വദേശിയായ 32കാരന്‍ ഷെരു സുസാദിയയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭില്‍വാര പൊലീസ് വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ വധശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, കൊള്ളയടിക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ചുമത്തിയത്. ഷെരു സുസാദിയയുടെ ബന്ധുവായ മന്‍സൂര്‍ പേംലയാണ് പൊലീസിന് പരാതി നല്‍കിയത്. ഷെരു സുസാദിയ മൊഹ്‌സിന്‍ ഡോള്‍ എന്ന സുഹൃത്തുമായി ഭില്‍വാരയിലെ ലാംമ്പിയ കന്നുകാലി മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി തിരിച്ചു വരുന്ന വഴിയാണ് അക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു വാഹനം ഇവരെ പിന്തുടരുകയും പിന്നീട് തടയുകയുമായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. 'അവര്‍ ഷെരുവിനെയും മൊഹ്‌സിനെയും വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇരുവരും പശുവിനെ കൊന്നുവെന്ന് അക്രമികള്‍ പറഞ്ഞു. ഒരു മേളയില്‍ നിന്നും വളര്‍ത്താനായി കന്നുകാലികളെ വാങ്ങിയതാണെന്ന് ഇരുവരും പറഞ്ഞെങ്കിലും വാഹനത്തില്‍ വന്നവര്‍ അത് കേട്ടില്ല', പരാതിയില്‍ പറയുന്നു.
മൊഹ്‌സിന് അവിടെ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്നും അക്രമികള്‍ ഷെരുവിനെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 36,000 രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഷെരുവിനെ ജീവനോടെ കാണണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അക്രമികള്‍ ഷെരുവിന്റെ ഫോണില്‍ നിന്നും തന്നെ വിളിച്ചെന്നും ബന്ധു പരാതിയില്‍ സൂചിപ്പിച്ചു.
'വൈകുന്നേരം മൂന്ന് മണിയോടെ ബനേര പൊലീസ് സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഷെരു ഭില്‍വാര ആശുപത്രിയിലാണെന്നും തലയ്ക്ക് പരിക്കുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും ഷെരുവിനെ ജയ്പൂരിലേക്ക് മാറ്റിയിരുന്നു', പരാതിയില്‍ വ്യക്തമാക്കി. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഷെരു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷെരുവിന്റെ കുടുംബം പൊലീസ് സൂപ്രണ്ടിനും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും നിവേദനം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Content Highlights: Madhya Pradesh native killed in Rajasthan on suspicion of cow smuggling