രാഹുല്‍ ഗാന്ധി ഇനിയും വരും, ലക്ഷ്യമിടുന്നത് ഉന്നത ഭരണകേന്ദ്രങ്ങളെ, ശബ്ദശകലങ്ങളുള്‍പ്പെടെ പുറത്തുവിടാന്‍ നീക്കം

തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിലേക്ക് രാഹുല്‍ എത്തിയിരുന്നു.

രാഹുല്‍ ഗാന്ധി ഇനിയും വരും, ലക്ഷ്യമിടുന്നത് ഉന്നത ഭരണകേന്ദ്രങ്ങളെ, ശബ്ദശകലങ്ങളുള്‍പ്പെടെ പുറത്തുവിടാന്‍ നീക്കം
dot image

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ 'ഹൈഡ്രജന്‍ ബോംബ്' അല്ല പുറത്തുവിടുന്നതെന്ന് വ്യക്തമാക്കിയതോടെ എന്തായിരിക്കും ആ 'ഹൈഡ്രജന്‍ ബോംബെ'ന്ന ആകാംക്ഷയിലാണ് ഏവരും. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ നീക്കുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലും സംഘടിതമായ ശക്തിയും ബുദ്ധികേന്ദ്രവുമുണ്ടെന്നാണ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിലേക്ക് രാഹുല്‍ എത്തിയിരുന്നു.

വോട്ടുചോര്‍ച്ച ആരോപണങ്ങളുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞപ്പോള്‍ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് രാഹുല്‍. വ്യക്തികളെ ഹാജരാക്കിയും ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ടുമാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍. ഇതോടെ അടുത്തതെന്ത് എന്ന ഉദ്യോഗത്തിലാണ് എല്ലാവരും. ഈ ഘട്ടത്തില്‍ ശക്തമായ വെളിപ്പെടുത്തലുകളുടെ 'ഹൈഡ്രജന്‍ ബോംബ്' അടുത്ത് തന്നെ പുറത്തുവിടുമെന്ന സൂചനയാണ് രാഹുല്‍ കഴിഞ്ഞ ദിവസം നല്‍കിയത്.

ഉന്നത ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതായിരിക്കും ഈ 'ഹൈഡ്രജന്‍ ബോംബ്' എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഉന്നത ഭരണകേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന റെക്കോഡ് ചെയ്ത ശബ്ദശകലങ്ങളുള്‍പ്പെടെ പുറത്തുവിടാനാണ് രാഹുല്‍ ഒരുങ്ങുന്നതെന്നാണ് അനുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ഒരു സംവിധാനം രൂപപ്പെടുത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം കഴിഞ്ഞ വാര്‍ത്താ സമ്മേളനങ്ങളിലേത് പോലെ അവതരിപ്പിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വാര്‍ത്താ സമ്മേളനങ്ങളിലേതിനേക്കാള്‍ ശക്തമായ ആരോപണങ്ങളായിരിക്കും അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ അവതരിപ്പിക്കുക എന്നതില്‍ രാജ്യതലസ്ഥാനത്ത് ആര്‍ക്കും തര്‍ക്കമില്ല.

Content Highlights: Rahul Gandhi is preparing for the next vote-rigging allegation

dot image
To advertise here,contact us
dot image