
ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ വിജയിച്ചിരുന്നു 21 റൺസിനായിരുന്നു മെൻ ഇൻ ബ്ലൂവിന്റെ വിജയം. അർധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ് കളിയിലെ താരമായത്. 45 പന്തിൽ നിന്നും മൂന്ന് ഫോറും അത്രയും തന്നെ സിക്‌സറുമടിച്ച് 56 റൺസാണ് സഞ്ജു കളിയിൽ അടിച്ചുകൂട്ടിയത്.
മത്സരത്തിലെ താരമായതോട് കൂടി മറ്റൊരു കിടിലൻ റെക്കോഡും സഞ്ജു സ്വന്തം പേരിൽ കുറിച്ചു. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ചാകുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാകാൻ സഞ്ജുവിന് സാധിച്ചു.
നേരത്തെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് ആയിട്ടുണ്ട്. മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പോലും ഈ ഫോർമാറ്റിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടില്ല. ദിനേഷ് കാർത്തിക്ക്, കെഎൽ രാഹുൽ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, എന്നിവർ ഓരോ തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ഒരു തവണ പോലും ഇത് സ്വന്തമാക്കിയിട്ടില്ല. മത്സരത്തിൽ ചെറിയ രീതിയിൽ പരുങ്ങിയെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്തുള്ള പ്രകടനമായിരുന്നു സഞ്ജുവിന്റേത്.
അതേസമയം ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ ഖലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. ആമിർ 46 പന്തിൽ നിന്നും ഏഴ് ഫോറും രണ്ട് സിക്സറുമടക്കം 64 റൺസ് സ്വന്തമാക്കിയപ്പോൾ മിർസ 5 ഫോറും രണ്ട് സിക്സറുമടക്കം 51 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി എട്ട് ബൗളർമാർ പന്ത് എറിഞ്ഞ മത്സരത്തിൽ ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. കൃത്യമായ ഇടവേളകകളിൽ വിക്കറ്റ് വീഴ്ത്തിയ ഒമാന് കരുത്തരായ ഇന്ത്യൻ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.
വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ അഭിഷേക് ശർമ 15 പന്തിൽ നിന്നും 38 റൺസ് അടിച്ചുക്കൂട്ടി. അക്സർ പട്ടേൽ 13 പന്തിൽ 26 റൺസ് നേടി. ശിവം ദുബെ (5) എളുപ്പം മടങ്ങി. തിലക് വർമ 18 പന്തിൽ നിന്നും 29 റൺസ് നേടി മികച്ചുനിന്നു. അർഷ്ദീപ (1), കുൽദീപ് യാദവ് (1 നോട്ടൗട്ട്) ഹർഷിത് റാണ് ( 163 നോട്ടൗട്ട്) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ സംഭാവന. ക്യാപ്റ്റൻ സൂര്യ ബാറ്റിങ്ങിനിറങ്ങിയില്ല.
ഒമാനായി നാല് ഓവറിൽ ഫൈസൽ ഷാ ഒരു മെയ്ഡൺ ഉൾപ്പടെ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജിതെൻകുമാർ രമനാന്ദിയും ആമിർ ഖലീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights- Sanju Samson becomes first WK from India to win 3 Potm in T20I