
ഇംഫാൽ: മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. രണ്ട് സൈനികർക്ക് വീരമൃത്യു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിയുതിർത്തത്. ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ സബൽ ലെയ്കയിലാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. സുരക്ഷാസേന ആക്രമണം നടന്ന സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിനായി പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിച്ച് മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രംഗത്തെത്തി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇത്തരം ഹീനമായ ആക്രമണങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
സെപ്റ്റംബർ പതിമൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശനം നടത്തിയിരുന്നു. ചുരാചന്ദ്പൂരിലെത്തി മോദി കലാപ ബാധിതരെ കാണുകയും വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപും മണിപ്പൂരിൽ സംഘർഷമുണ്ടായിരുന്നു. ചുരാചന്ദ്പൂരിൽ സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവരികയും ചെയ്തിരുന്നു.
Content Highlights: Unknown gunmen open fire on army vehicle in Manipur: Two soldiers killed, six injured