
ഇന്ത്യയ്‌ക്കെതിരെ ഇന്നലെ നടന്ന ഏഷ്യ കപ്പ് പോരാട്ടത്തിൽ ഒമാന്റെ ഓപ്പണർ ആമിർ കലീം സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്. 46 പന്തിൽ നിന്നും ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 64 റൺസ് സ്വന്തമാക്കിയ കലീം ഇന്ത്യയ്‌ക്കെതിരെ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി.
43 വർഷവും 303 ദിവസവുമാണ് കലീമിന്റെ പ്രായം. 1946-ൽ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയ്‌ക്കെതിരെ 69 റൺസ് നേടിയ ഇംഗ്ലണ്ട് ഇതിഹാസം വാലി ഹാമണ്ടിന്റെ പേരിലായിരുന്ന 79 വർഷത്തിലേറെ പഴക്കമുള്ള റെക്കോർഡാണ് കലീം തകർത്തത്.ഒരു പൂർണ്ണ അംഗരാജ്യത്തിനെതിരെ ടി20യിൽ അർധ ശതകം നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോർഡും മത്സരത്തിൽ അദ്ദേഹം നേടി.
അതേ സമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ കലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.
Content Highlights: amir kaleem breaks 79-year-old record; stars in match against India