
മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് നസ്‌ലെൻ. നടന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലോക എന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ നടന്റെ ചിത്രം വരച്ചവരെ പ്രശംസിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
500 തവണ നസ്‌ലെൻ എന്ന പേര് എഴുതിയാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ഈ ചിത്രം നടനെ കാണിക്കുകയും ഓട്ടോഗ്രാഫ് വാങ്ങിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഉണ്ട്. റഹീം റെഡ് ആർട്ട് എന്ന പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെത്തി പോലെ യഥാർത്ഥ ജീവിതത്തിലും ഒരു ജാഡയും ഇല്ല നടനാണ് നസ്‌ലെൻ എന്നാണ് ആർട്ടിസ്റ്റ് പറയുന്നത്. ചിത്രം കണ്ട് ഇഷ്ടമായപ്പോൾ നസ്‌ലെൻ തന്നോട് ഇങ്ങോട്ട് ചോദിച്ചതാണ് ഫോട്ടോ എടുക്കേണ്ടതെന്നും റഹീം പറയുന്നു. മമിതാ ബൈജു, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ ഇദ്ദേഹം ഇത്തരത്തിൽ വരച്ചിട്ടുണ്ട്.
അതേസമയം, നസ്‌ലെന്റെ ഒടുവിൽ ഇറങ്ങിയ ലോക റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് 2.70 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം പിന്നീട് കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ചു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ചു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കി. വാരാന്ത്യങ്ങളിൽ മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നിലനിർത്തി.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.
Content Highlights: person drew a picture of Naslen by writing his name 500 times, the video went viral on social media