
ഡല്‍ഹി: ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണത്തെ തീര്‍പ്പാക്കലിന് അര്‍ഹതയുണ്ടെങ്കിലും പദ്ധതിയില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആനുകൂല്യത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപാശങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്യ എനര്‍ജി എന്റര്‍പ്രസൈസും എസ്ബിഐയും തമ്മിലുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബാക്കിനില്‍ക്കുന്ന വായ്പാത്തുകയുടെ അഞ്ച് ശതമാനം അടച്ചിരിക്കണമെന്ന് ഒറ്റത്തവണ തീര്‍പ്പാക്കലിന് എസ്ബിഐ നിബന്ധനയായി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തത് കൊണ്ട് തന്യ എനര്‍ജി എന്റര്‍പ്രൈസസിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചിരുന്നില്ല. പിന്നാലെ തന്യ എര്‍ജി എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏഴ് വസ്തുക്കള്‍ ഈടുവെച്ചാണ് തന്യ എനര്‍ജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് എന്‍പിഎ (നിഷ്‌ക്രിയ ആസ്തി)യായി പ്രഖ്യാപിക്കുകയും സര്‍ഫാസി നിയമപ്രകാരം ഈട് വസ്തുക്കള്‍ ലേലം ചെയ്യാന്‍ നടപടിയെടുക്കുകയുമായിരുന്നു. ഇതിനൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി 2020ല്‍ തന്യ എനര്‍ജി അപേക്ഷിക്കുകയായിരുന്നു.
Content Highlights: benefit of the banks one-time settlement scheme is not the right of the borrowers Supreme Court