'നദ്‌വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറി' ; കാക്കനാടന്റെ ലേഖനം ഉദ്ദരിച്ച് ലൈംഗികാരോപണവുമായി സിപിഐഎം നേതാവ്

ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചു

'നദ്‌വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറി' ; കാക്കനാടന്റെ ലേഖനം ഉദ്ദരിച്ച് ലൈംഗികാരോപണവുമായി സിപിഐഎം നേതാവ്
dot image

മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ ലൈംഗികാരോപണവുമായി സിപിഐഎം നേതാവ് നാസര്‍ കൊളായി. കാക്കനാടന്‍ എഴുതിയ 'കുടജാദ്രിയിലെ സംഗീത'മെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ദരിച്ചായിരുന്നു നാസറിന്റെ പരാമര്‍ശം. നദ്‌വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് പ്രസംഗത്തില്‍ നദ്‌വിക്കെതിരെ നാസര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. വളരെ മുമ്പ് ഇറങ്ങിയ പുസ്തകത്തില്‍ ബഹാഉദ്ദീന്‍ കൂരിയാട് എന്നാണ് ബഹാഉദ്ദീന്‍ നദ്‌വിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതെന്ന് വിശദീകരിച്ചാണ് ആരോപണം.

'സംസാരം തുടങ്ങിയപ്പോള്‍ അയാള്‍ ഇസ്‌ലാമിനെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ, പ്രവൃത്തിയില്‍ അത് വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുന്‍സീറ്റിലിരുന്ന ശിങ്കാരിയോടുള്ള പെരുമാറ്റം വിശുദ്ധന് ചേര്‍ന്നതായി തോന്നിയില്ല. ചിലപ്പോള്‍ എന്റെ നോട്ടപ്പിശകാവാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരിപദാര്‍ത്ഥം പുള്ളിയുടെ ഉള്ളില്‍ കിടന്ന് കളിക്കുന്നുണ്ടെന്നു വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിനു നാവു കുഴയ്ക്കാന്‍ വേണ്ടത് ലഹരിയുണ്ടോ? 'ഇസ്‌ലാമും ക്രിസ്തുമതവും' എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാന്‍ കണ്ടുപിടിച്ചത്. ഗ്രന്ഥകര്‍ത്താവ് ബഹാവുദ്ദീന്‍ കൂരിയാട് എന്ന് പുസ്തകത്തില്‍ അച്ചടിച്ചുവച്ചിരുന്നു', എന്ന കാക്കനാടന്റെ പുസ്തകത്തിലെ ഭാഗമാണ് നാസര്‍ പ്രസംഗത്തിനിടെ വായിച്ചത്.

ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചു. പൂര്‍ണ പബ്ലിക്കേഷനില്‍ പുസ്തകം കിട്ടും. പുസ്തകമെഴുതിയത് കാക്കനാടന്‍ ആണ്. വായിച്ചറിവേ എനിക്കുള്ളുവെന്നും നാസര്‍ പറഞ്ഞു.

നദ്‌വിയുടെ 'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സിപിഐഎമ്മില്‍ നടക്കുന്നത്. ഇതിനിടെയാണ് ലൈംഗികാരോപണവുമായി നാസര്‍ കൊളായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മടവൂരില്‍ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്‌വിയെ പണ്ഡിതവേഷം ധരിച്ച നാറിയെന്ന് ലോക്കല്‍ കമ്മിറ്റി അംഗം ഹക്കീല്‍ അഹമ്മദ് വിശേഷിപ്പിച്ചിരുന്നു. പിന്നാലെ ഹക്കീലിനെ മഹല്ല് കമ്മിറ്റിയില്‍ നിന്നും സമസ്ത പുറത്താക്കിയിരുന്നു.

മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്‌വിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്‌വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11ാം വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‌വി പറഞ്ഞിരുന്നു.

'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും', എന്നാണ് നദ്‌വി പറഞ്ഞത്.

Content Highlights: CPIM Leader against Bahaudheen Nadwi

dot image
To advertise here,contact us
dot image