
ബെംഗളൂരു: ദുരൂഹത വിട്ടൊഴിയാത്ത കർണാടകയിലെ ധർമസ്ഥല. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം ഇവ മനുഷ്യന്റേത് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. ലഭിച്ച അസ്ഥി ഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി ഇവിടെ തിരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്ക് വഴങ്ങി ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ.
Content Highlights: Dharmasthala Case; Special Investigation Team seizes five skulls and bones at Banglagudde