
വൃക്കകള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ സാധാരണയായി ക്ഷീണവും ശരീരത്തില്‍ നീര്‍വീക്കവും മൂത്രത്തിലെ മാറ്റങ്ങളുമൊക്കെയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്. എന്നാല്‍ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ണുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാവുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കകളുടെയും കണ്ണുകളുടെയും പ്രവര്‍ത്തനം ആരോഗ്യകരമായ രക്തക്കുഴലുകളെയും ഫ്‌ളൂയിഡ് ബാലന്‍സ് നേയും ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ഒരു അവയവത്തിന്റെ പ്രശ്‌നം അടുത്തതിനെയും ബാധിച്ചേക്കാം. കണ്ണുകള്‍ക്ക് തുടര്‍ച്ചയായി വീര്‍ത്തിരിക്കുക, വരണ്ടിരിക്കുക,നിറങ്ങള്‍ കാണുന്നതിലുള്ള മാറ്റങ്ങള്‍ തുടങ്ങിയലക്ഷണങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ള വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിച്ചേക്കാം. ക്ഷീണത്തിനും ശരീരത്തിലെ നീര്‍വീക്കത്തിനും ഒപ്പം കണ്ണിലെ ഈ ലക്ഷണങ്ങളും ഉണ്ടായാല്‍ വ്യക്കയുടെ പ്രവര്‍ത്തനവും കണ്ണിന്റെ ആരോഗ്യവും പരിശോധിക്കേണ്ട സമയമായി എന്നാണ് അര്‍ഥം.(ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം)
എന്തുകൊണ്ടാണ് വൃക്കരോഗം കണ്ണുകളില്‍ അറിയാന്‍ സാധിക്കുന്നത്
ശരീരത്തിലെ മാലിന്യങ്ങള്‍ അരിച്ച് കളയുന്നതിനും ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന വൃക്കകള്‍ കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന അതിലോലമായ രക്തക്കുഴലുകള്‍ ഉള്‍പ്പടെയുള്ള രക്ത ചംക്രമണ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങുമ്പോള്‍ അത് കാഴ്ചയേയും കണ്ണിലെ ഈര്‍പ്പത്തിന്റെ അളവിനെയും കാണുന്ന നിറങ്ങളെപോലും ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകും.
ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങള്‍
കണ്ണുകള്‍ വീര്‍ത്തിരിക്കുക
രാത്രി വൈകി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ഉപ്പ് ചേര്‍ന്ന വെള്ളമോ ഭക്ഷണമോ കഴിച്ച ശേഷം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ വീര്‍ത്തിരിക്കുകയും( പ്രത്യേകിച്ച് കണ്‍പോളകള്‍). ആ ദിവസം മുഴുവന്‍ അങ്ങനെതന്നെ തുടരുകയും ചെയ്താല്‍ അത് 'പ്രോട്ടീനൂറിയ' ( വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് മൂത്രത്തിലേക്ക് പ്രോട്ടീന്‍ ഒഴുകുന്ന ഒരു അവസ്ഥയാണ് ഇത്) യുടെ ലക്ഷണമാകാം. പ്രോട്ടീന്‍ നഷ്ടം കണ്ണുകള്‍ക്ക് ചുറ്റും ദ്രാവകം അടിഞ്ഞുകൂടാന്‍ കാരണമാകും. അതുകൊണ്ടാണ് കണ്ണ് വീര്‍ത്തിരിക്കുന്നത്. ശരീരത്തിലെ നീര്‍വീക്കത്തിനും നുരയും പതയും കലര്‍ന്ന മൂത്രത്തിനും ഒപ്പം കണ്ണിന്റെ വീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെകണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.
മങ്ങിയതോ ഇരട്ട കാഴ്ചയോ
കണ്ണുകളിലെ ചെറിയ രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍ മൂലം ഹൈപ്പര്‍ടെന്‍സിവ് അല്ലെങ്കില്‍ ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥ ഉണ്ടാകാം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഉയര്‍ന്ന പ്രമേഹവും വൃക്കരോഗത്തിന് പ്രധാന കാരണങ്ങളാണ്. അവ കണ്ണിലെ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കും. രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉള്ളവരില്‍ ഇത്തരത്തിലുള്ള കാഴ്ച വൈകല്യങ്ങള്‍ കാണപ്പെട്ടാല്‍ വൃക്കകളുടെ ആരോഗ്യം നിരീക്ഷിക്കേണ്ടതുണ്ട്.
വരണ്ടതും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ഉള്ള കണ്ണുകള്‍
വിട്ടുമാറാത്ത വിധം ചൊറിച്ചിലോ വരള്‍ച്ചയോ കണ്ണുകള്‍ക്ക് ബാധിച്ചിട്ടുണ്ട് എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. വൃക്കരോഗമുള്ളവരിലോ ഡയാലിസിസിസ് ചെയ്യുന്നവരിലോ വരണ്ട കണ്ണുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാല്‍സ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥ കൊണ്ടോ കണ്ണുനീര്‍ ഉല്‍പാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം.
ചുവന്ന കണ്ണുകള്‍
കണ്ണുകള്‍ ചുവന്നിരിക്കുന്നത് അലര്‍ജി, ക്ഷീണം, അണുബാധ തുടങ്ങി നിരവധി കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ വൃക്കരോഗത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഒരു കാരണമാകാറുണ്ട്. രക്തക്കുഴലുകളിലെ ഉയര്‍ന്ന മര്‍ദ്ദം കണ്ണുകളിലെ കാപ്പിലറികളില്‍ ചെറിയ വിള്ളലുകള്‍ ഉണ്ടാക്കുകയും അവ കണ്ണുകളില്‍ രക്തം പോലെയോ നീര്‍വീക്കം പോലെയോ കാണപ്പെടുകയും ചെയ്യും.
നിറങ്ങളിലെ മാറ്റങ്ങള്‍
വൃക്ക തകരാറിലുള്ള ചിലര്‍ക്ക് നിറങ്ങള്‍ കാണുന്ന രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകം. പ്രത്യേകിച്ച് നീലയും മഞ്ഞയും നിറങ്ങളില്‍. ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമോ റെറ്റിനയിലെ മാറ്റങ്ങള്‍ മൂലമോ ആകാം ഇങ്ങനെ സംഭവിക്കുന്നത്. നീണ്ടുനില്‍ക്കുന്ന രക്ത സമ്മര്‍ദ്ദം , പ്രമേഹം, ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കള്‍ എന്നിവയും ഒരു കാരണമാണ്. നിറങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തോന്നുകയോ കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ് )
Content Highlights :These five eye symptoms may be a sign of kidney disease