'നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ആ പാരമ്പര്യം പ്രചോദനമാകും'; പെരിയാറിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് പെരിയാർ ഇ വി രാമസ്വാമിയുടെ 146-ാം ജന്മവാർഷികമാണ് ഇന്ന്

'നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ആ പാരമ്പര്യം പ്രചോദനമാകും'; പെരിയാറിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ 146-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ആദരവര്‍പ്പിക്കുകയാണെന്നും സാമൂഹ്യനീതിയെയും സമത്വത്തെയും നീതിയുക്തമായ ഒരു സമൂഹത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന്റെ പാരമ്പര്യം എപ്പോഴും നമ്മെ പ്രചോദിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ പെരിയാറിനെ അനുസ്മരിച്ചത്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് പെരിയാർ ഇ വി രാമസ്വാമിയുടെ 146-ാം ജന്മവാർഷികമാണ് ഇന്ന്. ജാതീയതയ്ക്കെതിരെ ശക്തമായി പോരാടിയ പെരിയാർ ഇന്നും സ്വത്വ പോരാട്ടങ്ങളുടെ പര്യായമാണ്. ദ്രാവിഡ നാടിനെ രാഷ്ട്രീയമായും സാംസ്കാരികമായും മുന്നേറ്റത്തിലേക്ക് നയിച്ചത് പെരിയാറിന്റെ പോരാട്ടങ്ങളാണ്. 'നമ്മെ ശൂദ്രരായും അധഃസ്ഥിതരായും കാണുകയും മറ്റുചിലരെ ഉന്നതകുലജാതരായ ബ്രാഹ്മണരായി പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുണ്ടെങ്കിൽ, ആ വ്യവസ്ഥിതിക്ക് ഉത്തരവാദികളായ ദൈവങ്ങളെ വേരോടെ പിഴുതു കളയുക തന്നെ വേണം'; തമിഴ് ജനതയുടെ സ്വാഭിമാനത്തിന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും മുഖമായി മാറിയ ഇ വി രാമസ്വാമി എന്ന പെരിയാറിന്റെ വാക്കുകളാണിത്.

1879 സെപ്തംബർ 17 നാണ് ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്ന പെരിയാർ ജനിച്ചത്. മതവിശ്വാസിയായി വളര്‍ന്ന പെരിയാര്‍ യുവാവായിരിക്കെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയില്‍ കണ്ട കാഴ്ച്ചകളാണ് അദ്ദേഹത്തെ മതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ക്ഷേത്രത്തിലെ സൗജന്യ ഊട്ടുപുരകളില്‍ പ്രവേശനം ലഭിക്കാതെ അബ്രാഹ്‌മണരായ ജനങ്ങള്‍ വിശപ്പടക്കാനായി ഉച്ഛിഷ്ടങ്ങള്‍ കഴിക്കുന്നത് കണ്ട പെരിയാര്‍ മതമുപേക്ഷിച്ചു. നായ്ക്കര്‍ എന്ന ജാതിവാലും മുറിച്ചുമാറ്റി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും വര്‍ണാശ്രമത്തെ അംഗീകരിക്കുന്ന ഗാന്ധിയന്‍ ആശയങ്ങളോട് ഏറ്റുമുട്ടി. ഒടുവില്‍ കോണ്‍ഗ്രസ് വിട്ടു.

'സുയമരിയാദൈ ഇയക്കം' എന്ന സ്വാഭിമാന മുന്നേറ്റത്തിന് രൂപം നല്‍കി. ദളിതരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വൈക്കത്ത് നടന്ന ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് വഹിച്ചു. ജാതീയതയ്ക്ക് അതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം, സ്ത്രീകള്‍ക്ക് തുല്യാവകാശം, ശൈശവ വിവാഹ നിരോധനം, മിശ്ര വിവാഹങ്ങള്‍ക്ക് പ്രോത്സാഹനം എന്നിങ്ങനെയുളള ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

1944-ൽ പെരിയാർ തുടങ്ങിയ ദ്രാവിഡ കഴകം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തിരുത്തിയെഴുതി. അയ്യരുടെയും അയ്യങ്കാറുമാരുടെയും മുതലിയാർമാരുടെയും ഗൌണ്ടർമാരുടെയും തോട്ടങ്ങളിൽ അടിമപ്പണിയെടുത്ത് കഴിഞ്ഞിരുന്ന കീഴാള ജനതയ്ക്ക് സ്വന്തം കാലിൽ നിവർന്നുനിൽക്കാനുളള ധൈര്യം നൽകി. നേതാവാണ് പെരിയാർ. അങ്ങനെ ദ്രാവിഡ സ്വത്വത്തിൽ അഭിമാനം കൊള്ളുന്ന ഒരു ജനത ഉയർന്നു വന്നു.1973 ഡിസംബർ 24ന്, തന്റെ 94ാം വയസ്സിൽ മരിക്കുന്നതുവരെ കർമനിരതനായിരുന്നു പെരിയാർ.

Content Highlights: Rahul Gandhi remembers Periyar ev ramaswamy on his birth anniversary

dot image
To advertise here,contact us
dot image