യുദ്ധഭൂമിയിലെ പുതിയ ഭടൻ...നെയ്യിട്ട കോഫി; അറിയാം ട്രെൻഡിങ്ങായ ബുള്ളറ്റ് പ്രൂഫ് കോഫി

ഡാൽ​ഗോണയ്ക്ക് ശേഷം ഇപ്പോഴിതാ കോഫിയിൽ ട്രെൻഡിങ്ങായി ബുള്ളറ്റ് പ്രൂഫ് കോഫിയും ഇൻ്റർനെറ്റ് കീഴടക്കുന്നു

യുദ്ധഭൂമിയിലെ പുതിയ ഭടൻ...നെയ്യിട്ട കോഫി; അറിയാം ട്രെൻഡിങ്ങായ ബുള്ളറ്റ് പ്രൂഫ് കോഫി
dot image

വ്യത്യസ്തമായ രുചികളെയും വിഭവങ്ങളെയും പറ്റി നമ്മൾ പലപ്പോഴും അറിയുന്നത് ഇന്റ‍ർനെറ്റിലൂടെയാണല്ലേ. അത്തരത്തിൽ പലപ്പോഴും ട്രെൻഡിങ്ങാവുന്ന പല വിഭവങ്ങളും നമ്മൾ പരീക്ഷിച്ച് നോക്കാറുമുണ്ട്. ഒരു സമയത്ത് ഇന്റർനെറ്റിലാകെ ട്രെൻഡിങ്ങായ ഒന്നായിരുന്നു ഡാൽ​ഗോണ കോഫി. പിന്നാലെ നിരവധി പേരാണ് ഇത് പരീക്ഷിച്ച് നോക്കിയത്. ഡാൽ​ഗോണയ്ക്ക് ശേഷം ഇപ്പോഴിതാ കോഫിയിൽ പുതിയ ഒരു ട്രെൻഡിങ്ങ് കോഫി എത്തിയിരിക്കുകയാണ്. അതാണ് ബുള്ളറ്റ് പ്രൂഫ് കോഫി.

കാപ്പിയിൽ നെയ്യോ ഉപ്പില്ലാത്ത വെണ്ണയോ ചേർത്ത് ഉണ്ടാക്കുന്ന ബുള്ളറ്റ് പ്രൂഫ് കാപ്പി സോഷ്യൽ മീഡിയയിലും പല ഫുഡ് ബ്ലോഗുകളിലും ട്രെൻഡിംഗാണ്. ശരീരഭാരം കുറയ്ക്കൽ, ഊർജ്ജം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് പേരുകേട്ട ‌ഈ കോഫിയുടെ യഥാർത്ഥ ഗുണങ്ങളും ദോഷങ്ങളും സൂക്ഷ്മമായി പരിശോധിച്ചാലോ…

ചൂടുള്ള കാപ്പിയിൽ നെയ്യ് അല്ലെങ്കിൽ ഉപ്പില്ലാത്ത വെണ്ണ എന്നിവ ചേർത്താണ് ബുള്ളറ്റ് പ്രൂഫ് കാപ്പി ഉണ്ടാക്കുന്നത്. ഇത് നല്ല നുരയുള്ള കോഫി നൽകുന്നു. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ദീർഘകാലം നിലനിൽക്കുന്ന ഊർജ്ജം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഉയർന്ന കൊഴുപ്പും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ കീറ്റോ ഡയറ്റ് അല്ലെങ്കിൽ ലോ-കാർബ് ഡയറ്റ് പിന്തുടരുന്ന വ്യക്തികൾക്കിടയിൽ ഇത് ജനപ്രിയമാണ്. രാവിലെ ഈ കാപ്പി കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

എന്നാൽ ഇപ്പോൾ ട്രെൻഡിങ്ങായ ഈ നെയ്യ് കാപ്പി എല്ലാവർക്കും അനുയോജ്യമല്ല. കൊളസ്ട്രോൾ പ്രശ്നങ്ങൾ, ഹൃദ്രോഗം അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് ഈ ഉയർന്ന കൊഴുപ്പുള്ള പാനീയം ദോഷകരമായി തോന്നിയേക്കാം. നെയ്യ് കലോറിയും പൂരിത കൊഴുപ്പും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും. കൂടാതെ, ലാക്ടോസ് അസഹിഷ്ണുതയോ പാൽ ഉൽപന്നങ്ങളോട് അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെടാം.

അര മുതൽ ഒരു ടീസ്പൂൺ വരെ നെയ്യ് മാത്രമെ ഈ കോഫിയിൽ ഉപയോ​ഗിക്കാൻ പാടുള്ളൂ. ഒരു ദിവസം ഒരു തവണ മാത്രമെ ഇത് കുടിക്കാൻ പാടുള്ളൂവെന്നും വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിന് പകരമായി നെയ്യ് കാപ്പി കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാമെങ്കിലും ശരീരഭാരം കുറയ്ക്കാൻ നെയ്യ് കാപ്പിയെ മാത്രം ആശ്രയിച്ചത് കൊണ്ട് കാര്യമൊന്നുമില്ല.

പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾക്ക് നെയ്യ് കാപ്പി പരീക്ഷിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെയോ പോഷകാഹാര വിദഗ്ദ്ധനെയോ സമീപിക്കേണ്ടതുണ്ട്. നെയ്യിന്റെ ഗുണനിലവാരവും ഇതിൽ നിർണായകമാണ് ശുദ്ധമായ നാടൻ നെയ്യ് അതിന്റെ പോഷകങ്ങളുടെ ഗുണങ്ങൾ ഉറപ്പാക്കുന്നു.

Content Highlights- The new soldier on the battlefield… know the trending bulletproof coffee

dot image
To advertise here,contact us
dot image