മോദിയുടെയും അമ്മയുടെയും എഐ വീഡിയോ: നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിനോട് ഉത്തരവിട്ട് പാട്‌ന ഹൈക്കോടതി

മോദിയെയും മാതാവിനെയും ഉള്‍പ്പെടുത്തിയുള്ള 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ ഈ മാസം 10നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്

മോദിയുടെയും അമ്മയുടെയും എഐ വീഡിയോ: നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിനോട് ഉത്തരവിട്ട് പാട്‌ന ഹൈക്കോടതി
dot image

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാതാവ് ഹീരാബെന്നിന്റെയും എഐ വീഡിയോ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് പാട്‌ന ഹൈക്കോടതി. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് പി ബി ബജന്ദ്രി ഉത്തരവിട്ടു.

മോദിയെയും മാതാവിനെയും ഉള്‍പ്പെടുത്തിയുള്ള 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ ഈ മാസം 10നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നതും മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതുമാണ് വീഡിയോ.

'സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങള്‍ അവലംബിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബിജെപിയുടെ ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്ല് കണ്‍വീനര്‍ സങ്കേത് ഗുപ്തയാണ് പരാതി നല്‍കിയത്. വീഡിയോ പ്രധാനമന്ത്രിയുടെ മാതാവിന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി പ്രകോപിപ്പിക്കാനാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. ഈ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെയും ഐടി സെല്ലിനെയും പ്രതിച്ചേര്‍ത്താണ് കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്.

Content Highlights: Patna High Court directed Congress to remove Narendra Modi and mother s AI video

dot image
To advertise here,contact us
dot image