ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; ആദ്യം ബിഹാറിൽ, നിരവധി പരിഷ്‌കരണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പുതിയ പരിഷ്‌കരണം നടപ്പാക്കും

ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; ആദ്യം ബിഹാറിൽ, നിരവധി പരിഷ്‌കരണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
dot image

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നവും പേരും കളറിൽ അച്ചടിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലാണ് ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ വിവരം നൽകാറുള്ളത്. ബാലറ്റ് പേപ്പറുകളെ കൂടുതൽ വായനായോഗ്യമാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

പുതിയ പരിഷ്‌കരണത്തിൽ ഇവിഎം പേപ്പറിൽ ആദ്യമായി സ്ഥാനാർത്ഥികളുടെ കളർ ചിത്രവും ഉൾപ്പെടുത്തും. വ്യക്തതയോടെ കാണുന്നതിനായി ഫോട്ടോയുടെ നാലിൽ മൂന്ന് ഭാഗം സ്ഥാനാർത്ഥിയുടെ മുഖം ഉൾക്കൊള്ളിക്കാനാണ് നിര്‍ദേശം. സീരിയൽ നമ്പർ ഓഫ് ബാലറ്റ് പേപ്പർ, സ്ഥാനാർത്ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാകും ബാലറ്റ് പേപ്പറിലെ പുതിയ മാറ്റം.

നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ഈ പരിഷ്‌കരണം നടപ്പാക്കും. 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളിലെ 49 ബി പ്രകാരമാണ് നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളുടേയും നോട്ടയുടേയും പേരുകൾ ഒരേ ഫോണ്ടിൽ വായനാസുഖം നൽകുന്നത്ര വലുപ്പത്തിൽ അച്ചടിക്കും. സീരിയൽ നമ്പറിന്റെ വലിപ്പം കൂട്ടും. ഇത് 30 എന്ന ഫോണ്ട് വലിപ്പത്തിൽ ബോൾഡിലായിരിക്കും അച്ചടിക്കുക. അതേസമയം ഇവിഎം ബാലറ്റ് പേപ്പർ ഏറ്റവും മികച്ച ഗുണമേന്മയുള്ള പേപ്പറുപയോഗിച്ച് അച്ചടിക്കാനും നിർദേശമുണ്ട്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ പിങ്ക് നിറത്തിലുള്ള പേപ്പറിലായിരിക്കും അച്ചടിക്കുക.

Content Highlights: Election Commission Of India has made changes to make EVM Ballot Papers clear

dot image
To advertise here,contact us
dot image