
ന്യൂഡല്‍ഹി: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വസതിക്കു നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവെപ്പുണ്ടായത്. പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവെപ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പൊലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞത്.
ഇന്ന് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പൊലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അക്രമികള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തെന്നും അത് തടയുന്നതിനിടെയാണ് പ്രതികള്‍ക്ക് വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു. ഇവരെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രതികള്‍.
'നടിയും കുടുംബവും സന്യാസിമാരെ അപമാനിച്ചു. സനാതന ധര്‍മത്തെ അധിക്ഷേപിക്കുന്നത് ഒരിക്കലും ക്ഷമിക്കാനാകില്ല. നമ്മുടെ വിശ്വാസങ്ങളെ അപമാനിക്കുന്നത് സഹിക്കാനാകില്ല. ഇതൊരു ട്രെയിലര്‍ മാത്രമാണ്. ഇനിയും സനാതന ധര്‍മത്തോട് അനാദരവ് കാണിച്ചാല്‍ അവളുടെ വീട്ടില്‍ ആരും ജീവനോടെ കാണില്ല. ഇത് സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമുളള മുന്നറിയിപ്പാണ്. നമ്മുടെ വിശ്വാസത്തിനും സന്യാസിമാര്‍ക്കുമെതിരെ അപമാനകരമായ പ്രവൃത്തി ചെയ്യുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണം. നമ്മുടെ മതത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും എന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ സംഘം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
Content Highlights: Two men accused of firing at disha patani's house killed in police encounter