
ന്യൂഡല്‍ഹി: ഇസ്‌ലാമോഫോബിക് ഉളളടക്കമുളള എ ഐ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് അസം ബിജെപി. എക്‌സിലാണ് 'അസം വിത്തൗട്ട് ബിജെപി' എന്ന പേരില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അസമില്‍ ബിജെപി ഇല്ലെങ്കില്‍ മുസ്‌ലീം മതവിശ്വാസികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കും, ബീഫ് നിയമ വിധേയമാകും, നഗരങ്ങള്‍ മുസ്‌ലീം മതവിശ്വാസികള്‍ കയ്യടക്കുമെന്നുമൊക്കെയാണ് ബിജെപി പ്രചരിപ്പിക്കുന്ന എഐ വീഡിയോയില്‍ പറയുന്നത്. വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
'അസമില്‍ ബിജെപി ഇല്ലെങ്കില്‍ ബീഫ് നിയമവിധേയമാക്കും. പാകിസ്താന്‍ ലിങ്ക് പാര്‍ട്ടിയുണ്ടാകും. ഗുവാഹത്തി എയര്‍പോര്‍ട്ടും അക്കോലാന്‍ഡും സ്‌റ്റേഡിയവും രംഗ് ഘറും ഗുവാഹത്തി നഗരവും മുസ്‌ലീം മതവിശ്വാസികള്‍ കയ്യടക്കും. നുഴഞ്ഞുകയറ്റം വര്‍ധിക്കും. ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലീങ്ങളാകും. അതിനാല്‍ കരുതലോടെ വോട്ട് ചെയ്യണം': എന്നാണ് ബിജെപി പുറത്തിറക്കിയ എ ഐ വീഡിയോയില്‍ പറയുന്നത്. പാകിസ്താന്‍ ബന്ധമുളള പാര്‍ട്ടി എന്ന തരത്തില്‍ കാണിച്ച ദൃശ്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഒരു ഉദ്യോഗസ്ഥന് അരികില്‍ നില്‍ക്കുന്നതും കാണിച്ചിരുന്നു. ഇത് പാകിസ്താനുമായി ബന്ധമുളള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നതാണെന്നും ആരോപണമുണ്ട്.
We can’t let this dream of Paaijaan to be true!! pic.twitter.com/NllcbTFiwV
— BJP Assam Pradesh (@BJP4Assam) September 15, 2025
അടുത്ത വര്‍ഷം അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണ വിഷയം നിശ്ചയിക്കുകയാണ് ബിജെപി. അതേസമയം, മുസ്‌ലീം മുക്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസം ബിജെപി പോസ്റ്റ് ചെയ്ത വീഡിയോ സാമുദായിക ഐക്യം തകര്‍ക്കാനും മുസ്‌ലീങ്ങള്‍ക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുളളതാണ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
Content Highlights: Without BJP, number of Muslims in Assam will increase: AI video spreading religious hatred in controversy