
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ 'വിശാല ഗൂഢാലോചന' കുറ്റം ചുമത്തുന്നതിനെതിരെ കോടതിയെ സമീപിച്ച് ഉമര്‍ ഖാലിദ്. കലാപക്കേസിലെ എഫ്‌ഐആര്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഉപയോഗിച്ചുളള ഒരു തമാശയാണ് എന്നും ആ തമാശയുടെ പേരില്‍ അഞ്ച് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സമീര്‍ ബാജ്പായിയുടെ മുന്‍പാകെയാണ് ഉമര്‍ ഇക്കാര്യം പറഞ്ഞത്.
'ഒരു എഫ് ഐ ആറിന്റെ തമാശയില്‍ ഞാൻ അഞ്ച് വര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞു. ഈ എഫ് ഐ ആറിന് നിയമത്തിന്റെ പവിത്രതയില്ല. ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസാണ് കോടതിയിൽ നിലപാട് പറഞ്ഞത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 51 നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്ന പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന എഫ് ഐ ആര്‍ അനാവശ്യമാണ്. ഈ മരണങ്ങള്‍ പ്രത്യേകം അന്വേഷണം നടക്കുന്നവയാണ്. ആ മരണങ്ങളില്‍ 751 വ്യത്യസ്ത എഫ് ഐ ആറിട്ടാണ് അന്വേഷണം നടക്കുന്നത്. പ്രോസിക്യൂഷന്‍ ആദ്യം ഒരാളെ പ്രതിയാക്കാന്‍ തീരുമാനിക്കുകയും പിന്നീട് വ്യാജ രേഖകള്‍ ചമച്ച് കുറ്റപത്രം സമര്‍പ്പിച്ച് അദ്ദേഹത്തെ ലക്ഷ്യംവയ്ക്കുകയുമായിരുന്നു:അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. 2020 സെപ്റ്റംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്.
സെപ്റ്റംബർ രണ്ടിന് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തളളിയിരുന്നു. കേസിലെ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തളളുകയായിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർഥി ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുക്കുന്നത്.
Content Highlights:FIR in Delhi riots case 'a joke using fabricated evidence': Umar Khalid in court