മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍ ബാക്കിയായവര്‍ക്ക് പാണക്കാട് തങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുമെന്നും പികെ ഫിറോസ് പറഞ്ഞു

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്
dot image

മലപ്പുറം: ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയാക്കിയതുപോലെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുളള വീടുകളുടെ നിര്‍മ്മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡല്‍ഹിയിലെ ഓഫീസ് പൂര്‍ത്തിയായതുപോലെയോ അതിനേക്കാള്‍ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിര്‍മ്മാണം പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്നും മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍ ബാക്കിയായവര്‍ക്ക് പാണക്കാട് തങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുമെന്നും പികെ ഫിറോസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നാം തീയതി നിര്‍മ്മാണം ആരംഭിക്കുകയാണെന്നും ദുരന്തബാധിതര്‍ക്കായി ആദ്യ നിമിഷം മുതല്‍ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകുമെന്നും വിലങ്ങുതടിയാകാന്‍ വന്നവരോട് കേരളം പൊറുക്കില്ലെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രാജ്യതലസ്ഥാനത്ത് എത്തിച്ചേരുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന മര്‍മ്മപ്രധാനമായ സ്ഥലത്താണ് മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതെന്നും ബേസ്‌മെന്റ് ഉള്‍പ്പെടെ ആറ് നിലകളുളള ഓഫീസില്‍ ദേശീയ ഭാരവാഹികള്‍ക്കുളള ഓഫീസ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ഇന്ററാക്ഷന്‍ സംവിധാനമുളള ബോര്‍ഡ് റൂം, ലൈബ്രറി, ആര്‍ക്കൈവ്‌സ്, മീഡിയാ റൂം, പോഷക ഘടകങ്ങള്‍ക്കുളള ഓഫീസ് റൂമുകള്‍, ബെഡ്‌റൂമുകള്‍ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പികെ ഫിറോസ് വ്യക്തമാക്കി. പരിഹസിച്ചവരുടെയും രേഖകളില്ലാത്ത കെട്ടിടമാണെന്ന് പറഞ്ഞ അല്‍പ്പന്‍മാരുടെയും മുന്നില്‍ ഡല്‍ഹിയിലെ മുസ്‌ലിം ലീഗിന്റെ ആസ്ഥാനമന്ദിരമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പി കെ ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡൽഹിയിലെ നമ്മുടെ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് എത്തിച്ചേരുന്ന ഏതൊരാൾക്കും എളുപ്പത്തിലെത്താൻ കഴിയുന്ന മർമ്മപ്രധാനമായ സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബേസ്മെൻ്റ് ഉൾപ്പടെ ആറു നിലകളുള്ള ഓഫീസിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസ് റൂമുകൾ, കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ഇൻ്ററാക്ഷൻ സംവിധാനമുള്ള ബോർഡ് റൂം, ലൈബ്രറി, ആർക്കൈവ്സ്, മീഡിയ റൂം, പോഷക ഘടകങ്ങൾക്കുള്ള ഓഫീസ് റൂമുകൾ, ബെഡ്റൂമുകൾ അടക്കം എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഗൾഫാർ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ കൺസ്ട്രക്ഷൻ കമ്പനിയായ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഫാർ ഗ്രൂപ്പാണ് നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രശസ്ത ആർക്കിടെക്റ്റ് ടോണിയുടെ മേൽ നോട്ടത്തിലുള്ള സ്തപതിയാണ് ഓഫീസിനെ ഏറ്റവും മനോഹരമാക്കിയത്.

പരിഹസിച്ചവരുണ്ട്. രേഖകളില്ലാത്ത കെട്ടിടമാണെന്ന് പറഞ്ഞ അൽപ്പൻമാരുണ്ട്. ഓഫീസ് യാഥാർത്ഥ്യമാവില്ലെന്ന് ദിവാസ്വപ്നം കണ്ടവരുണ്ട്. അവരുടെയെല്ലാം മുമ്പിൽ തല ഉയർത്തി നിൽക്കുകയാണ് ഡൽഹിയിലെ മുസ്‌ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരം.

ഇനി വയനാട്ടിലേക്കാണ്.

നടക്കില്ലെന്ന് പറഞ്ഞ ഡൽഹിയിലെ ഓഫീസ് പൂർത്തിയായത് പോലെയോ അതിനേക്കാൾ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിർമ്മാണവും പാർട്ടി പൂർത്തിയാക്കും. മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപൊട്ടിയപ്പോൾ ജീവൻ ബാക്കിയായവർക്ക് പാണക്കാട് തങ്ങൾ നൽകിയ വാക്ക് പാലിക്കും.

സപ്തംബർ ഒന്നാം തിയ്യതി നിർമ്മാണം ആരംഭിക്കുകയാണ്. മുടക്കാൻ നോക്കിയവരുണ്ട്. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായി മുടക്ക് വക്കാലത്തുമായി വയനാട്ടിലേക്ക് വണ്ടി കയറിയവരുണ്ട്. ഇല്ലാ കഥകൾ പാടി നടന്നവരുണ്ട്.

ആരും ഒന്നും മറന്നിട്ടില്ല.

ദുരന്തബാധിതർക്കായി ആദ്യ നിമിഷം മുതൽ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകും. വിലങ്ങുതടിയാകാൻ വന്നവരോട് കേരളം പൊറുക്കില്ല.

Content Highlights: Construction of houses in Wayanad will be completed like the Muslim League office in Delhi: PK Firos

dot image
To advertise here,contact us
dot image