
യുഎഇയിൽ ഈ അധ്യായന വർഷം മുതൽ രണ്ടാം ടേം പരീക്ഷകൾ ഒഴിവാക്കുന്നു. കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വിദ്യാർത്ഥികളുടെ ഒരു വർഷത്തെ മികവ് പ്രതിഫലിക്കുന്ന തരത്തിൽ തുടർ മൂല്യനിർണയത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. പരമ്പരാഗതമായ ഉയർന്ന സമ്മർദ്ദമുള്ള പരീക്ഷകളിൽ നിന്ന് മാറുകയും വിമർശനാത്മക ചിന്തയും വിശകലന ശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള വിപുലമായ പരിഷ്കാരങ്ങൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് പുതിയ നയം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖാസിം ഗൾഫ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾക്ക് കൂടുതൽ അക്കാദമിക പിന്തുണ നൽകാനും വിദ്യാർത്ഥികളുടെ കഴിവുകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ മാറ്റമെന്ന് മുഹമ്മദ് അൽ ഖാസിം വ്യക്തമാക്കി.
മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ ഈ മാസം 25നാണ് തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്ന് മുതല്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷമാണ് രാജ്യത്ത് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വദേശങ്ങളിലേക്ക് അവധിക്ക് പോയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി.
Content Highlights: UAE cancels second-term exams for 2025-2026 academic year