
തൃശ്ശൂർ: ഷിജുഖാൻ അധ്യക്ഷത വഹിക്കുന്ന സെഷൻ ഒഴിവാക്കിയത് സ്ഥിരീകരിച്ച് സാഹിത്യ അക്കാദമി പ്രസിഡൻ്റും കവിയുമായ കെ സച്ചിദാനന്ദൻ. സാഹിത്യോത്സവത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഞങ്ങളുടെ ആഗ്രഹം ചർച്ചയും പ്രഭാഷണവും സമാധാനമായി നടക്കണമെന്നാണെന്നും ചർച്ച ശാന്തമായി നടക്കുന്നതിന് വേണ്ടിയാണ് സെഷൻ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അനുപമ വിഷയത്തിൽ ഷിജുഖാന് ഒരു ഭൂതകാലം ഉള്ളതായി തനിക്ക് അറിവില്ലായിരുന്നുവെന്നും പലതരത്തിലുള്ള എതിർപ്പുകൾ വാട്‌സ്ആപ്പ് മുഖേനെ സന്ദേശങ്ങൾ ആയി ലഭിച്ചിരുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. നാളെ വൈകുന്നേരം മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന ‘കുട്ടികളും പൗരരാണ്’ എന്ന ചർച്ചയാണ് ഒഴിവാക്കിയത്. പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട ഷിജുവിന്റെ ഭൂതകാലത്തെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അനുപമയടക്കം വേദിയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഫെസ്റ്റിവൽ വേദിയിൽ ഒരു കോളിളക്കം ഉണ്ടാകാതിരിക്കാനാണ് സെഷൻ ഒഴിവാക്കിയതെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദത്തുവിവാദം ഉണ്ടായ സമയത്ത് ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറിആയിരുന്നു ഡിവൈഎഫ്ഐ നേതാവ് ഷിജുഖാൻ. സാഹിത്യോത്സവത്തിൽ നിന്ന് ഷിജുവിനെ മാറ്റിനിർത്തണമെന്ന ആവശ്യവുമായി കുഞ്ഞിന്റെ അമ്മ അനുപമയും സഹ പാനലിസ്റ്റ് ആയ കുക്കു ദേവകിയുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പുമായി എത്തിയത്. തന്റെ കുഞ്ഞിനെ രഹസ്യമായി കടത്താൻ ഗൂഢാലോചന നടത്തിയ ആളാണ് ഷിജു ഖാൻ എന്നുൾപ്പെടെ അനുപമ വിമർശനം ഉന്നയിച്ചിരുന്നു. സംഭവം ചർച്ചയായതോടെ ഷിജുഖാനെ പിന്തുണച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെ സാഹിത്യ അക്കാദമി സെഷൻ ഒഴിവാക്കുകയായിരുന്നു.
Content Highlight : K Sachidanandan responds to Shiju Khan's cancellation of session