
പട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ ട്രെയിൻ ഒരുമണിക്കൂറിലധികം വൈകി. റക്സോലിയിൽ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പർ പാസഞ്ചർ ട്രെയിനാണ് ഒരുമണിക്കൂറിലധികം വൈകിയത്. രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഒരുമണിക്കൂറിലധികം വൈകി 8:10 നാണ് പുറപ്പെട്ടത്.
യാത്രക്കാർ കോച്ചിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ നായ കുരയ്ക്കുകയും അവർക്കു നേരെ ചാടാൻ ശ്രമിക്കുകയുമായിരുന്നു. നായയെ സീറ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ട യാത്രക്കാർ പരിഭാന്ത്രിയിലായി. തുടർന്ന് റെയിൽവെ ജീവനക്കാരെത്തി നായയെ മാറ്റാനുള്ള ശ്രമം തുടങ്ങിയെങ്കിലും അത് ഫലംകണ്ടില്ല. തുടർന്ന് നായയുള്ള കോച്ചിൽ യാത്രക്കാരെ കയറ്റാതെ ട്രെയിൻ യാത്ര ആരംഭിക്കുകയായിരുന്നു.
നായയെ ട്രെയിനിലെ സീറ്റിൽ കെട്ടിയിരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ യാത്രക്കാർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു. വളർത്തുനായയാണ് ഇതെന്നും ഉടമസ്ഥൻ ഉപേക്ഷിച്ചു പോയതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
Content Highlight : Pet Dog Found Tied In Sleeper Coach, Delays Train By An Hour