സ്വന്തം സെൻ്റ് ഓഫിന് പാട്ട് പാടി; മഹാരാഷ്ട്രയില്‍ തഹസില്‍ദാർക്ക് സസ്‌പെന്‍ഷന്‍

ഔദ്യോഗിക കസേരയില്‍ ഇരുന്ന് ബോളിവുഡ് സിനിമയിലെ പാട്ട് പാടിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി

dot image

മുംബൈ: മഹാരാഷ്ട്രയില്‍ സെൻ്റ് ഓഫ് പാര്‍ട്ടിയില്‍ പാട്ട് പാടിയതിന് തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു. പ്രശാന്ത് തോറത് എന്ന തഹസില്‍ദാര്‍ ഔദ്യോഗിക കസേരയില്‍ ഇരുന്ന് ബോളിവുഡ് സിനിമയിലെ പാട്ട് പാടിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പ്രശാന്തിന്റെ പെരുമാറ്റം ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് നന്ദേഡ് കളക്ടര്‍ ഉന്നത അധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

1979ലെ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. 1981ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമ യാറാനയിലെ 'യാരാ തേരി യാരി കോ' എന്ന ഗാനമാണ് പ്രശാന്ത് ആലപിക്കുന്നത്. പ്രശാന്ത് പാട്ട് ആലപിക്കുമ്പോള്‍ ചുറ്റിലുമിരുന്ന് ആളുകള്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

നാന്ദേഡ് ജില്ലയിലെ ഉമ്രിയില്‍ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്ക് പ്രശാന്തിനെ സ്ഥലം മാറ്റിയിരുന്നു. അതിന്റെ ഭാഗമായുള്ള യാത്രയയപ്പിലാണ് പ്രശാന്ത് ഗാനം ആലപിച്ചത്. രണ്ട് പ്രദേശങ്ങളും ഒരേ ഡിവിഷന് കീഴിലായതിനാല്‍ തന്നെ അതേ ദിവസം തന്നെ അദ്ദേഹം പുതിയ പോസ്റ്റില്‍ ചുമതലയെടുക്കുകയും ചെയ്തു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രശാന്തിനെതിരെ ഉയരുന്നത്. തഹസില്‍ദാറുടെ സീറ്റിലിരുന്ന് കൊണ്ട് പാട്ടുപാടിയത് ശരിയായില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

Content Highlights:

Maharashtra: Tehsildar suspended for singing Bollywood song in Maharashtra

dot image
To advertise here,contact us
dot image