
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ നീതിയുക്തമായ സംവരണത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീംകോടതി. രാമശങ്കര്‍ പ്രജാപതി, യമുന പ്രസാദ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഒക്ടോബര്‍ പത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊതുതാല്‍പ്പര്യ ഹര്‍ജി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം എന്നതിനാല്‍ ധാരാളം എതിര്‍പ്പുകള്‍ നേരിടാന്‍ തയ്യാറാകണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 14,15,16 അനുച്ഛേദങ്ങളെ ശക്തിപ്പെടുത്താനും നിലവിലുളള ക്വാട്ടകളില്‍ മാറ്റം വരുത്താതെ തുല്യ അവസരം ഉറപ്പാക്കാനും വരുമാനാധിഷ്ഠിത സംവരണ സംവിധാനം സഹായിക്കുമെന്ന് അഭിഭാഷകന്‍ സന്ദീപ് സിംഗ് മുഖേന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. പതിറ്റാണ്ടുകളായി സംവരണമുണ്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ പലപ്പോഴും സംവരണവിഭാഗങ്ങളിലെ മെച്ചപ്പെട്ട നിലയിലുളളവര്‍ പിടിച്ചെടുക്കുകയാണെന്നും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഏറ്റവും ആവശ്യമുളളവര്‍ക്ക് സഹായം ലഭിക്കാന്‍ സഹായകമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ആദ്യകാലത്ത് സംവരണം ഏര്‍പ്പെടുത്തിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ നല്ല സാമ്പത്തിക സാഹചര്യമുളളവരും ഉയര്‍ന്ന സാമൂഹിക പദവിയിലുളളവരുമായ ആളുകള്‍ക്കാണ് അത് ഗുണം ചെയ്യുന്നതെന്നും അതുവഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അംഗങ്ങള്‍ക്ക് അവസരങ്ങള്‍ പരിമിതമാകുമെന്നുവെന്നും വാദമുണ്ടായിരുന്നു.
സംവരണ നയത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പിന്തുണ ആവശ്യമുളളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജാതി അടിസ്ഥാനമാക്കിയുളള സംവരണം ഇല്ലാതാക്കണമെന്നതല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അത് കൂടുതല്‍ ഫലപ്രദമാക്കാന്‍ പരിഷ്‌കരിക്കണം എന്നാണെന്നും ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി- പട്ടിക വര്‍ഗ സംവരണങ്ങളില്‍ വരുമാനാധിഷ്ടിത മുന്‍ഗണനാ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ആ വിഭാഗങ്ങളിലെ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വ്യക്തികള്‍ക്ക് അവസരം ലഭിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Content Highlights: Supreme Court to examine petition seeking income-based reservation in government jobs