
യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസം നടൻ വിനായകൻ എത്തിയിരുന്നു. ഈ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങള്‍ക്കെതിരെ നിരവധി പേര്‍ പ്രതികരിച്ചപ്പോള്‍ വിനായകന്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നു. 'ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം.
'മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു', ഫേസ്ബുക്ക് പോസ്റ്റിലെ ഭാഗം.
വിനായകന്റെ പോസ്റ്റിന് പിന്നാലെ ഫെഫ്ക നടന് നേരെ പരാതിയും നൽകിയിരുന്നു. തുടർന്ന് വിനായകനെ വിമർശിച്ച് ഗായകൻ ജി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക' എന്നാണ് ജി വേണുഗോപാല്‍ കുറിച്ചത്. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം എന്നും വേണുഗോപാല്‍ എഴുതിയിരുന്നു.
Content Highlights: malayalam singers assossiation against vinayakan