
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും അതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ കമ്മിറ്റ് ചെയ്ത പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നുമായിരുന്നു സാന്ദ്ര പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ സാന്ദ്ര തോമസിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മമ്മൂട്ടി ഏത് കേസിലാണ് ഇടപെട്ടതെന്ന് വ്യക്തത വരുത്തണമെന്നും മറ്റ് ചില നിര്‍മാതാക്കളടക്കം ഉള്ളവര്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്.
'മമ്മൂട്ടി ഇടപെട്ടത് നാമനിര്‍ദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ല. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു.
അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. തന്റെ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്‍മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുത്,' സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മമ്മൂട്ടിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു. സാന്ദ്ര തോമസ് മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ലിസ്റ്റിന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ സാന്ദ്ര തോമസ് മമ്മൂട്ടിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അവഹേളിക്കുകയാണെന്നും എന്നും ചിലര്‍ കമന്‍റുകളുമായി എത്തി. മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ലെന്നും അദ്ദേഹം താന വന്നുകയറിയതാണെന്നായിരുന്നു സാന്ദ്ര മറുപടി നല്‍കിയത്.
മമ്മൂട്ടി നല്ലത് ചെയ്തപ്പോള്‍ നല്ലത് പറഞ്ഞിട്ടുണ്ടെന്നും, ഇപ്പോള്‍ യാഥാര്‍ത്ഥ്യം തുറന്നുപറയുന്നത് അവഹേളനമല്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.
Content Highlights: Sandra Thomas about Mammootty latest