ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിച്ചു, പിന്നാലെ സ്‌നേഹസന്ദേശങ്ങൾ; മുംബൈയിലെ 80കാരനെ പറ്റിച്ച് 9 കോടി തട്ടി

രണ്ട് വർഷം നീണ്ട ഈ തട്ടിപ്പ് പുറം ലോകമറിഞ്ഞപ്പോഴേക്കും വയോധികൻ മറവിരോഗ ബാധിതനായി

dot image

മുംബൈ: എൺപതുകാരനെ പറ്റിച്ച് സൈബർ തട്ടിപ്പിലൂടെ സ്ത്രീകൾ നേടിയത് ഒമ്പത് കോടിയോളം രൂപ. മുംബൈയിലാണ് സംഭവം. 2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 734 ഇടപാടുകളിലായി 8.7 കോടിരൂപയാണ് വയോധികന് നഷ്ടമായത്. രണ്ട് വർഷം നീണ്ട ഈ തട്ടിപ്പ് പുറം ലോകമറിഞ്ഞപ്പോഴേക്കും വയോധികൻ മറവിരോഗ ബാധിതനുമായി.

2023ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വയോധികൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഷർവി എന്ന സ്ത്രീക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ആ റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും തൊട്ടടുത്ത ദിവസം ഈ അക്കൗണ്ടിൽ നിന്നും ഇദ്ദേഹത്തിന് ഫ്രണ്ട് റിക്വസ്റ്റ് എത്തി. പിന്നാലെയാണ് സൈബർ തട്ടിപ്പിന്റെ ആരംഭം. ഫേസ്ബുക്ക് വഴി സന്ദേശങ്ങൾ കൈമാറി. ഒടുവിൽ ആ ബന്ധം വാട്‌സ് ആപ്പിലേക്ക് എത്തി. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തനിക്ക് മക്കളുണ്ടെന്ന് യുവതി വയോധികനോട് പറഞ്ഞിരുന്നു. പിന്നാലെ മക്കളുടെ ആവശ്യങ്ങൾക്കെന്ന വ്യാജേന ഇവർ ഇയാളിൽ നിന്നും പണം വാങ്ങാൻ തുടങ്ങി. ചോദിച്ചപ്പോഴെല്ലാം ഇദ്ദേഹം പണം നൽകുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം കവിത എന്ന പേരിൽ മറ്റൊരു സ്ത്രീ വാട്‌സാപ്പിൽ ബന്ധപ്പെട്ടു. ഷർവിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ഇവർ സൗഹൃദം സ്ഥാപിക്കാനാണ് എത്തിയതെന്ന് പറഞ്ഞു. പിന്നാലെ വയോധികന് മെസേജുകളും അശ്ലില ചിത്രങ്ങളും അയച്ച് പണം ആവശ്യപ്പെടാൻ തുടങ്ങി.

മാസങ്ങൾക്ക് ശേഷം ഷർവിയുടെ സഹോദരിയെന്ന പേരിൽ ദിനാസ് എന്ന മറ്റൊരു സ്ത്രീയും ഇദ്ദേഹത്തിന് സന്ദേശമയച്ചു. ഷർവി മരിച്ചെന്ന് പറഞ്ഞ യുവതി, പല ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഷർവിക്ക് ഇദ്ദേഹം അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും യുവതി ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചു. പണം തിരിച്ചു ചോദിച്ചപ്പോൾ തവണ ഒഴിഞ്ഞുമാറുകയും ഭീഷണിയുടെ സ്വരം മാറുകയും ചെയ്തു.

ഇവിടം കൊണ്ടും തട്ടിപ്പിന്റെ ക്രൂരഭാവം തീർന്നില്ല. ജാസ്മിൻ എന്ന മറ്റൊരു സ്ത്രീ ദിനാസിന്റെ സുഹൃത്താണെന്നു പറഞ്ഞ് ഇയാൾക്ക് മെസേജുകൾ അയച്ചു. ഭീഷണിപ്പെടുത്തിയ ഈ യുവതിക്കും ഇദ്ദേഹം പണം നൽകി. കയ്യിലുള്ള പണമെല്ലാം കഴിഞ്ഞതോടെ ഇയാൾ മകനിൽ നിന്നും മരുമകളിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങി. സംശയം തോന്നിയ മകൻ പിതാവിനോട് കാര്യങ്ങൾ തിരക്കിയതോടെയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പ് വിവരം പുറംലോകമറിഞ്ഞത്. ഈ വർഷം ജൂലൈ 22ന് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. അതേസമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് ഡിമെൻഷ്യ ബാധിച്ചതായാണ് വിവരം.

Content Highlights: Mumbai man , 80 year old accepts a friend request , loses 9 crore to cyber fraud

dot image
To advertise here,contact us
dot image