
ന്യൂഡൽഹി: ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കന്യാസ്ത്രീകൾക്കും വൈദികന്മാർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. പാർലമെന്റിന് പുറത്താണ് യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചത്. വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് വീണ്ടും നിവേദനം സമർപ്പിക്കുമെന്ന് പ്രതിഷേധത്തിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിയും ആന്റോ ആന്റണി എംപിയും പറഞ്ഞു. ആക്രമണങ്ങൾ അവസാനിക്കും വരെ പ്രധാനമന്ത്രിയെ ക്രിസ്മസിന് ക്ഷണിക്കില്ല എന്നൊരു തീരുമാനമെടുക്കാൻ സിബിസിഐ തയ്യാറാകണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കുമെതിരെ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്. 70 പേരടങ്ങുന്ന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാർഷികത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പ്രശ്‌നമുണ്ടാക്കിയ ബജ്‌റംഗ്ദള്‍ പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ഈ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. നിയമത്തെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കണമെന്നും സിറോ മലബാര്‍ സഭ എടുത്തുപറയുന്നുണ്ട്.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍. ഒമ്പത് ദിവസം ജയിലിലായിരുന്ന ഇവർ ഓഗസ്റ്റ് രണ്ടിനാണ് ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയത്.
Content Highlights: Congress MPs protest against odisha, chhattisgarh christian attacks