

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഗായിക പുഷ്പവതി പൊയ്പാടത്ത് സദസിൽ നിന്ന് തന്നെ അടൂരിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുഷ്പവതിയെ അധിക്ഷേപിച്ചുകൊണ്ട് അടൂര്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ അടൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.
പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ-ദളിത് വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി കുറിച്ചു. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും ഡബ്ല്യുസിസി അതിശക്തമായി അപലപിക്കുന്നെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഗായിക പുഷ്പവതിക്ക് പൂർണ പിന്തുണ നൽകുന്നതായും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.
ദേശീയ പുരസ്‌കാര ജേതാവ് ഉർവ്വശിയെയും നിർമാതാവ് സാന്ദ്ര തോമസിനെയും ഡബ്ല്യുസിസി അഭിനന്ദിച്ചു. ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്. സാന്ദ്രാ തോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപൊരുതുന്നതെന്നും അവർ കുറിച്ചു.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയിൽ എത്തിയിരിക്കുന്നു.
കേരള ഫിലിം പോളിസി കോൺക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ-ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത്‌വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്.
അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളിൽ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിർഭയമായി ശബ്ദമുയർത്തിയ പുഷ്പവതിയെ പൂർണ്ണമായി പിന്തുണക്കുന്നു.
ഒപ്പം മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങൾ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങൾ അന്യമാണ്! പ്രഗത്ഭ നടി ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്, സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപൊരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമസംഘടനകളുടെ മുൻ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലർത്തിപ്പോരുന്ന നിലപാടുകളെയും WCC അപലപിക്കുന്നു.
വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവർ.
തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം.
ഈ പോരാട്ടങ്ങൾക്ക് WCC യുടെ അഭിവാദ്യങ്ങൾ!
അവൾക്കൊപ്പം
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂർ ഗോപാല കൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെയും അടൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
Content Highlights: WCC extends support to Pushpavathy over adoor issue