ഇവിടെ രണ്ട് കേന്ദ്രമന്ത്രിമാരുണ്ട്, വാ തുറന്നോയെന്ന് ജോൺ ബ്രിട്ടാസ്;ബിജെപിയെ ചെറുക്കേണ്ടത് ആവശ്യമെന്ന് എഎ റഹീം

'പൊലീസിനെ പൂര്‍ണമായും സംഘപരിവാര്‍ അണികളാക്കി മാറ്റി'

dot image

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് എംപിമാര്‍. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇടത് എംപിമാരുടെ തീരുമാനം. വിഷയത്തില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും എ എ റഹീം എംപിയും രംഗത്തെത്തി.

പൊലീസിനെ പൂര്‍ണമായും സംഘപരിവാര്‍ അണികളാക്കി മാറ്റിയെന്നും ഛത്തീസ്ഗഡിലും ഒഡീഷയിലും ആക്രമണം അഴിച്ചുവിട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ബംജ്‌റംഗ്ദളിനെതിരെ വിവിധയിടങ്ങളില്‍ നിരവധി കേസുകളുണ്ട്. എന്നാല്‍ നടപടിയില്ല. ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. രണ്ട് കന്യാസ്ത്രീകളെ ജാമ്യത്തില്‍ ഇറക്കി കേരളത്തിലെ ബിജെപിയുടെ മുഖം രക്ഷിക്കുകയാണ് അമിത് ഷാ ചെയ്തത്. എന്നാല്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ രണ്ട് മന്ത്രിമാരുണ്ട്. അതില്‍ സുരേഷ് ഗോപി കിരീടം കൊടുത്ത് വോട്ട് മേടിച്ച് വന്നയാളാണ്. ജോര്‍ജ് കുര്യനാകട്ടെ കത്തോലിക്കാ സഭയുടെ പേരില്‍ മന്ത്രിസ്ഥാനം കരസ്ഥമാക്കിയ ആളും. ഇരുവരും ക്രൈസ്തവ ന്യൂനപക്ഷത്തെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയവരാണ്. ഇരുവരും 'കമാ' എന്നൊരു അക്ഷരം പറഞ്ഞോ?. വാ തുറക്കാന്‍ തയ്യാറായോ?. വിഷയത്തില്‍ അമിത് ഷായുടെ മറുപടി എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

വിഷയം പാര്‍ലമെന്റിന് അകത്ത് ഉയര്‍ത്തിയെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് എ എ റഹീം എംപിയും പറഞ്ഞു. ക്രൈസ്തവരെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് സംഘ്പരിവാര്‍ വേട്ടയാടുന്നതെന്നും എ എ റഹീം എംപി പറഞ്ഞു. പലഭാഗങ്ങളിലും ഇത് നടപ്പിലാക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിന്റെ കൈകളിലേക്ക് ക്രമസമാധാനത്തിന്റെ ചുമതല ഏല്‍പിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുകയാണ്. ബിജെപിയെ ചെറുക്കുക എന്നത് മതേതര ജനാധിപത്യ ശക്തികളുടെയും ജനങ്ങളുടെയും ആവശ്യമായി മാറിയിരിക്കുകയാണ്. ബിജെപി കരുത്തുപ്രാപിക്കുന്ന ഇടങ്ങളില്‍ അന്യായങ്ങള്‍ ഉടലെടുക്കുകയാണ്. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. പ്രധാനമന്ത്രി പ്രതികരിക്കണമെന്നും എ എ റഹീം പറഞ്ഞു.

ഇന്നലെയായിരുന്നു ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്. എഴുപത് പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാര്‍ഷികത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Content Highlights- Left mps conducted protest over nuns and priest attacked in odisha

dot image
To advertise here,contact us
dot image