
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാർ 2 . ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റ് ക്രെഡിറ്റ് സീനിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
ഈ സിനിമാറ്റിക് യൂണിവേഴ്സിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ആൽഫ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ആലിയ ഭട്ടും ശർവരിയും വാർ 2 വിന്റെ അവസാനം എത്തുമെന്നാണ് റിപ്പോർട്ട്. ഒപ്പം പത്താൻ എന്ന കഥാപാത്രമായി ഷാരൂഖ് ഖാനും ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാനും എത്തുമെന്നും സൂചനകളുണ്ട്. സ്പൈ യൂണിവേഴ്സിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. 'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
അതേസമയം, ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റാണ് സിനിമയുടെ നീളം. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
You know #War2 is going to PEAK in the POST CREDIT SCENE📈🛐💥
— CineHub (@Its_CineHub) August 7, 2025
And yes, I am not talking about Alia Bhatt cameo there 😉
400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ 70 കോടി പ്രതിഫലം വാങ്ങിയപ്പോൾ ഹൃത്വിക് റോഷന് 50 കോടിയും സിനിമയുടെ ലാഭ വിഹിതവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ പുറത്തുവിട്ട സിനിമയുടെ അപ്ഡേറ്റുകളിൽ ആരാധകർ തൃപ്തരല്ല. സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമായിരുന്നു പ്രേക്ഷകരുടെ കമന്റ്. ട്രെയിലറിനും ഇതേ അഭിപ്രായമാണ് ലഭിക്കുന്നത്.
Content Highlights: Alia bhatt and sharvari to appear in cameo roles in war 2