146 കോടി ഇന്ത്യക്കാർ രാജ്യത്തെ അമേരിക്കൻ കമ്പനികളെ ബഹിഷ്‌കരിച്ചാൽ എന്ത് സംഭവിക്കും?; ട്രംപിന് തുറന്ന കത്ത്

'വസുധൈവ കുടുംബകം' എന്ന ആശയം മുൻനിർത്തിയാണ് ഇന്ത്യ ഇതുവരെ അമേരിക്കയുമായി ബന്ധം തുടർന്നത്. പരസ്പരമുള്ള തീരുവയല്ല നയതന്ത്രപരമായ മികച്ച സഹകരണമാണ് വേണ്ടത്

dot image

ന്യൂഡൽഹി: ഇന്ത്യക്ക്‌മേൽ അമേരിക്ക ചുമത്തിയ അധിക തീരുവയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ആംആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയും ലൗലി പ്രൊഫഷണൽ സർവകലാശാല ചാൻസലറുമായ അശോക് കുമാർ മിത്തൽ. 146 കോടി ഇന്ത്യക്കാർ, രാജ്യത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ബഹിഷ്‌കരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തുറന്ന കത്തുമായാണ് മിത്തൽ രംഗത്തുവന്നത്.

അമേരിക്കൻ ബിസിനസിൽ ഇന്ത്യക്കാർ തന്ത്രപരമായ നിയന്ത്രണം ഏർപ്പെടുത്തിയാൽ വാഷിംഗ്ടണിൽ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മിത്തൽ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് നിരാശാജനകമാണെന്ന് പറഞ്ഞ അശോക് കുമാർ മിത്തൽ ട്രംപിന്റെ 'ഡെഡ് എക്കോണമി' പരാമർശത്തേയും വിമർശിച്ചു. ട്രംപ് പറഞ്ഞ 'ഡെഡ് എക്കോണമി'യാണ് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥ, ഉടൻ തന്നെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നും മിത്തൽ പറഞ്ഞു.

ഇന്ത്യൻ വിപണിയിലെ ടെക്, വിദ്യാഭ്യാസം, ധനകാര്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നായി വർഷത്തിൽ 80 ബില്ല്യൺ ഡോളറിലേറെയാണ് അമേരിക്കൻ കമ്പനികൾ സ്വന്തമാക്കുന്നത്. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം റഷ്യയിൽ നിന്നും 67.5 ബില്ല്യൺ യൂറോയാണ് വ്യാപാരത്തിലൂടെ നേടിയത്. അമേരിക്ക റഷ്യയിൽ നിന്ന് യുറേനിയം, പല്ലേഡിയം, രാസവസ്തുക്കൾ എന്നിവ രഹസ്യമായി ഇറക്കുമതി ചെയ്യുന്നത് തുടരുമ്പോൾ ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കണം എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്നും അശോക് കുമാർ മിത്തൽ ചോദിച്ചു.

സ്വദേശി പ്രസ്ഥാനത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയ മിത്തൽ, 146 കോടി ഇന്ത്യക്കാർ അതേ ഊർജ്ജത്തോടെ അമേരിക്കൻ കമ്പനികളെ ഉപരോധിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് ചോദിച്ചു. അതിന്റെ ഏറ്റവും വലിയ ആഘാതം അമേരിക്ക നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 'വസുധൈവ കുടുംബകം' എന്ന ആശയം മുൻനിർത്തിയാണ് ഇന്ത്യ ഇതുവരെ അമേരിക്കയുമായി ബന്ധം തുടർന്നത്. പരസ്പരമുള്ള തീരുവയല്ല നയതന്ത്രപരമായ മികച്ച സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: What if indians boycott American firms; AAP MP Ashok Kumar Mittals open letter to Donald Trump

dot image
To advertise here,contact us
dot image