
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. 'അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ, അദ്ദേഹം ആദ്യം സ്വന്തം തലച്ചോറ് പരിശോധിക്കണം' എന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം. പനാജിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫട്‌നാവിസ്.
ഒന്നുകിൽ അദ്ദേഹത്തിന്റെ തലച്ചോർ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ അതിലെ ചിപ്പ് നഷ്ടമായിക്കാണും, അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴായി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഫട്നാവിസ് പറഞ്ഞു. രാഹുലിന്‍റെ ആരോപണം ജനം അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 5 വർഷം കൊണ്ട് ചേർക്കുന്നതിലും അധികം വോട്ട് 5 മാസം കൊണ്ട് ചേർത്തെന്നും ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സംശയമുണ്ടെന്നുമാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹവോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നതിനെ കുറിച്ചെല്ലാം വ്യക്തമായി അറിയാമെന്ന് പറഞ്ഞ രാഹുൽ, അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും പറയുകയുണ്ടായി.
Content Highlights: Maharashtra CM Devendra Fadnavis dismissed Rahul Gandhi 's allegation about Maharashtra election