'അമിത് ഷായെ കണ്ടപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു; പുറത്ത് പറയുന്നതും അകത്ത് നടന്നതും മറ്റൊന്ന്': ഇടത് എംപിമാർ

'കേസിന്റെ വസ്തുതകള്‍ നോക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു'

dot image

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തതില്‍ പ്രതികരിച്ച് ഇടത് എംപിമാര്‍. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പി പി സുനീര്‍ എംപി പറഞ്ഞു. കോടതിയിലുള്ള വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്ക് എങ്ങനെയാണ് ഉറപ്പ് നല്‍കാനാകുകയെന്ന സംശയം കഴിഞ്ഞ ദിവസമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രോസിക്യൂഷന്‍ ശരിയായ നിലപാടെടുക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഈ കേസിന്റെ വസ്തുതകള്‍ നോക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിനും മതത്തിനുമതീതമായി രാജ്യവ്യാപകമായി പ്രതിഷേധം വന്ന കേസാണിതെന്ന് ജോസ് കെ മാണി എംപിയും പറഞ്ഞു.

'ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചപ്പോഴും തെറ്റായ കേസാണെന്ന വിവരമായിരുന്നു ലഭിച്ചത്. സര്‍ക്കാരിന്റെ അഭിഭാഷകന്‍ എതിര്‍ക്കില്ലെന്നായിരുന്നു വിശ്വാസം. പുറത്ത് പറയുന്നതും അകത്ത് നടന്നതും മറ്റൊന്നാണ്. നേതാക്കന്മാര്‍ ഉറപ്പ് പറയുമ്പോഴും കൂടുതല്‍ കുരുക്കിലേക്ക് പോകുന്നു. സത്യം ജയിക്കും', ജോസ് കെ മാണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

എന്‍ഐഎ കോടതിയിലാണ് കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിർബന്ധിത മതപരിവർത്തനം നടന്ന കേസാണിത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

Content Highlights: Left Mps reaction on prosecution oppose 2 nuns bail in Chattisgarh

dot image
To advertise here,contact us
dot image