
ന്യൂ ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തിൽ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.
'ഇന്ത്യയും അമേരിക്കയും ഇരു കൂട്ടർക്കും ഉപകാരപ്രദമായേക്കാവുന്ന ഒരു വ്യാപാരകരാറിലെത്താൻ മാസങ്ങളായി ചർച്ച നടത്തുകയാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രധാന്യമാണ് നൽകുന്നത്. ബ്രിട്ടനുമായി ഏർപ്പെട്ട 'സമൂല സാമ്പത്തിക വ്യവസായ കരാറി'ൽ എന്നതുപോലെ ഇക്കാര്യത്തിലും രാജ്യതാത്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും', എന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഇന്ത്യയും അമേരിക്കയും തമ്മിൽ മാസങ്ങളായി വ്യാപാരകരാറിൽ ചർച്ചകൾ നടക്കുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ചകളിലാണ് നിലവിൽ പുരോഗതിയില്ലാത്തത്. ഇതോടെ കഴിഞ്ഞ ദിവസം ട്രംപ് ഇന്ത്യക്ക് 25% താരിഫ് ചുമത്തിയിരുന്നു. അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചിരുന്നു.
ഓഗസ്റ്റ് പകുതിയോടെ അമേരിക്കൻ സംഘം ഇന്ത്യയിലെത്തുന്നുണ്ട്. അപ്പോൾ കരാറിൽ ഒരു ധാരണയിലെത്താമെന്നാണ് ഇരുഭാഗത്തിന്റെയും കണക്കുകൂട്ടൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ അഞ്ച് തവണയോളം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇരു ഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു കരാർ ഉണ്ടാകേണ്ടതാണ് അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് വിവരം.
Content Highlights: indias reply to trump on 25% tariffs