
റായ്പൂര്‍:ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. വിഷയം സജീവമായ പശ്ചാത്തലത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം. ഇന്ന് പകല്‍ പന്ത്രണ്ട് മണിക്ക് യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതിനുമുന്നോടിയായാണ് അമിത് ഷാ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതിനുപിന്നാലെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചത്. അതേസമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി. അമിത് ഷായെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സാഹചര്യം നേരില്‍ ധരിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുകയാണ്. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി ദുർഗ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.
ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. പെൺകുട്ടികളെ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് കൊണ്ടുപോവുകയായിരുന്നു മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ല.
Content Highlights:Chhattisgarh Nun's Arrest: Amit Shah seeks details from chief minister