
ന്യൂ ഡൽഹി: ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിനെതിരെയുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. റഫറന്‍സിനെ എതിര്‍ത്ത് കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കരുതെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. രാഷ്ട്രപതിയുടെ റഫറന്‍സ് കാപട്യമാണ് എന്നാണ് തമിഴ്‌നാടിന്റെ മറുപടി. ഭരണഘടന അനുച്ഛേദം 143 അനുസരിച്ചുള്ള വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ല. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഷ്ട്രപതിയുടെ റഫറന്‍സെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.
റഫറന്‍സ് അനുചിതമെന്നും മറുപടി നല്‍കാതെ തിരിച്ചയക്കണമെന്നുമാണ് കേരളത്തിന്റെയും നിലപാട്. രാഷ്ട്രപതിയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍ എന്‍ രവിക്കെതിരായ കേസിലെ വിധി. തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണ്ണര്‍മാര്‍ക്ക് എതിരായ കേസുകളിലെ സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ വ്യക്തമാണ്. ഭരണഘടനയുടെ അനുച്ഛേദം 143 നല്‍കുന്ന അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് രാഷ്ട്രപതിയുടെ റഫറന്‍സെന്നും ആണ് കേരളം നല്‍കിയ പ്രാഥമിക സത്യവാങ്മൂലം.
കേരളത്തിനും തമിഴ്‌നാടിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കെ കെ വേണുഗോപാലും പി വില്‍സണും ഹാജരാകും. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ അനുസരിച്ച് ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പടെ 14 ചോദ്യങ്ങളിലാണ് രാഷ്ട്രപതി ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്. അപൂര്‍വമായി ഉപയോഗിക്കാറുളള ഭരണഘടനാ അനുച്ഛേദം 143 (1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗമതി മുര്‍മുവിന്റെ റഫറൻസ്. ഇത് പരിഗണിച്ച് സുപ്രീംകോടതി അറിയിക്കുന്നത് അഭിപ്രായം മാത്രമായതിനാല്‍ നിറവേറ്റേണ്ട ബാധ്യത രാഷ്ട്രപതിക്കില്ല.
Content Highlights: Tamilnadu against presidents reference at SC on bill timeline