
ബോബി–സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. പൃഥ്വിരാജ് സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച സിനിമ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് നടൻ. സിനിമയുടെ ട്വിസ്റ്റ് മനസിലാക്കി താനും ഞെട്ടിയിരുന്നുവെന്നും, ഇതേ ഷോക്ക് പ്രേക്ഷകർക്ക് ഉണ്ടായാൽ സിനിമ വർക്ക് ആകുമെന്ന് പറഞ്ഞിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
അന്നത്തെ കാലത്ത് മുംബൈ പോലീസിൽ അത്തരമൊരു കഥാപാത്രം ഒരു നടന്‍ ചെയ്യുന്നതിലെ യഥാര്‍ഥ വെല്ലുവിളി മുഖ്യധാരയില്‍ ഒരു നായക കഥാപാത്രം സ്വവര്‍ഗാനുരാഗിയെ അവതരിപ്പിക്കുന്നു എന്നതുമാത്രമല്ല, ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെയായിരുന്നുവന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. നയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഞാൻ എന്റെ ബോധ്യത്തെ പിന്തുടരുന്ന വ്യക്തിയാണ്, എന്റെ ഇഷ്ടങ്ങളെ പിന്തുടരുന്നു, അത്രമാത്രം. മുംബൈ പൊലീസ് സിനിമയെ സംബന്ധിച്ചിടത്തോളം സംവിധായകനും എഴുത്തുകാരും ഞാനും ആ സിനിമ വികസിപ്പിക്കുകയായിരുന്നു. തിരക്കഥയിൽ ഞങ്ങളെല്ലാവരും കുടുങ്ങിപ്പോയ ഒരു ഘട്ടത്തിലെത്തി, അവിടെ നിന്ന് അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
പിന്നെ, രണ്ട് മാസങ്ങൾക്ക് ശേഷം, രാത്രി വൈകി, സംവിധായകൻ റോഷൻ എന്നെ വിളിച്ചു, ഈ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന കാര്യം എന്നെ ഓർമിപ്പിച്ചു. അതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം എന്തോ ഒരു ട്വിസ്റ്റ് കരുതി വെച്ചിരുന്നു. ഞങ്ങൾ നേരിൽ കണ്ടു സംസാരിച്ചു. അദ്ദേഹം എന്നോട് ക്ലൈമാക്സിലെ ട്വിസ്റ്റ് പറഞ്ഞു. ഞാൻ ശരിക്കും ഞെട്ടി. അദ്ദേഹത്തോട് പിന്നീട് ഞാൻ പറഞ്ഞു, ഇത് കേട്ട് ഞാൻ ഞെട്ടിയത് പോലെ പ്രേക്ഷകർക്കും ഒരേ പ്രതികരണമുണ്ടെങ്കിൽ, സിനിമ വർക്ക് ആകും എന്ന്,' പൃഥ്വിരാജ് പറഞ്ഞു.
അന്നത്തെ കാലത്തെ വെല്ലുവിളികളെ കുറിച്ച് പറയുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ സവിശേഷതകളെ കുറിച്ചും പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്. 'അന്നത്തെ കാലത്ത് മുംബൈ പോലീസിലെ അത്തരമൊരു കഥാപാത്രം ഒരു നടന്‍ ചെയ്യുന്നതിലെ യഥാര്‍ഥ വെല്ലുവിളി എന്നുപറഞ്ഞാല്‍ മുഖ്യധാരയില്‍ ഒരു നായക കഥാപാത്രം സ്വവര്‍ഗാനുരാഗിയെ അവതരിപ്പിക്കുന്നു എന്നതുമാത്രമല്ല, ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെയായിരുന്നു. ഒരു മുഖ്യധാര സിനിമയില്‍ ഗേ കഥാപാത്രത്തെ എങ്ങനെയാണോ അവതരിപ്പിച്ചിരുന്നത് അങ്ങനെയൊരു കഥാപാത്രമായിരുന്നില്ല അത്. സ്വര്‍വര്‍ഗാനുരാഗിയായ അങ്ങേയറ്റം പൗരുഷം കാണിക്കുന്ന ആല്‍ഫ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ആ കഥാപാത്രം. അത് യഥാര്‍ഥത്തില്‍ സ്വാഭാവിക രീതിക്ക് വിരുദ്ധമായിരുന്നു, അതൊരു വിപ്ലവകരമായ ചിത്രമായിരിക്കുമെന്ന് ഞാന്‍ കരുതി - അത് അങ്ങനെ തന്നെയായിരുന്നു,' പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
കരൺ ജോഹറിന്റെ 'ബോംബെ ടാക്കീസ്' എന്ന സിനിമയിലെ കഥാപാത്രം നിരസിച്ചതിനെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. മുംബൈ പൊലീസിൽ താൻ ചെയ്ത വേഷവുമായി ആ കഥാപാത്രത്തിന് വളരെ സാമ്യമുള്ളതിനാലാണ് നിരസിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. കരൺ ജോഹറിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
Content Highlights: Prithvi raj about the movie Mumbai police