
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്. ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അൾട്രാസെറ്റ് സിഗ്നലുകൾ സുരക്ഷാ സേന ചോർത്തിയിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്താൻ ഒന്നിലധികം സൈനിക സംഘങ്ങളെ വിന്യസിച്ചിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആട്ടിടയന്മാർ ചില വിവരങ്ങൾ കൈമാറി എന്നും സേന വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 11 ന് ബൈസരൻ പ്രദേശത്ത് ഒരു ചൈനീസ് സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രാദേശവാസികൾ നൽകിയ വിവരങ്ങൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ മേഖലയിലെ ഭീകരരുടെ നീക്കങ്ങൾ കൂടുതൽ സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് പുതിയ ആശയവിനിമയ നീക്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ ഊർജിതമാക്കിയെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഭീകരർ ഒരു ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്നവെന്നും അപ്രതീക്ഷിതമായിയാണ് പിടികൂടിയതെന്നും വൃത്തങ്ങൾ പറഞ്ഞു. ഏറ്റുമുട്ടൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലയെന്നും ഭീകരരെ യാദൃശ്ചികമായി കണ്ടെത്തിയതിൻ്റെ ഫലമായിയാണ് ഏറ്റുമുട്ടൽ നടത്തിയതെന്നും വൃത്തങ്ങൾ പറഞ്ഞു. ശ്രീനഗറിലെ ഹർവാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്തുള്ള ഒളിത്താവളത്തിനുള്ളിൽ ഭീകരരെ തിരിച്ചറിഞ്ഞുവെന്നും ഉടൻ തന്നെ വെടിയുതിർക്കുകയും മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വധിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ സമയത്ത് തീവ്രവാദികൾ ഉറങ്ങുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെയാണ് പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ മൂന്ന് പേരെയാണ് ഓപ്പറേഷനിൽ സുരക്ഷ സേന വധിച്ചത്. സുലൈമാന്‍ എന്നും അറിയപ്പെടുന്ന ഹാഷിം മൂസ നേരത്തെ പാകിസ്താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പിന്നീട് ലെഷ്‌കറെ തോയ്ബയുടെ ഭാഗമാകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലെ ഹർവാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്. മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മൂന്നുപേരും പാകിസ്ഥാനികളാണ്. ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍ഇടി)യില്‍ പെട്ടവരാണെന്നും ശ്രീനഗര്‍ എസ്എസ്പി ജിവി സുന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.
Content Highlight : Operation Mahadev; The attack was carried out after 14 days of observation; More details released