
ന്യൂഡൽഹി: തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ എസ് പ്രവീൺ കുമാർ രംഗത്ത്. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ ഗവൺമെൻ്റ് വ്യാപകമായി ഫോൺ ചോർത്തൽ നടത്തിയതായി ആർ എസ് പ്രവീൺ കുമാർ പൊലീസിൽ പരാതി നൽകി.
സ്വന്തം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ബിസിനസുകാരുടെയും ആശയവിനിമയങ്ങൾ ചോർത്തുന്നതിനായി കോൺഗ്രസ് സർക്കാർ ഡാർക്ക് വെബ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമ്മതിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെ അദ്ദേഹം രേഖാമൂലം എസ്‌ഐടിക്ക് സമർപ്പിച്ചു.
മന്ത്രിമാർ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് രേവന്ത് റെഡ്ഡിക്ക് അറിയാമായിരുന്നെന്നും പിന്നീട് അവരിൽ ഒരാളോട് വിശദാംശങ്ങൾ ചോദിച്ചതായും പ്രവീൺ കുമാർ പറഞ്ഞു. മറ്റൊരു ബിആർഎസ് നേതാവുമായി സംസാരിച്ചതിന് മുഖ്യമന്ത്രി ഒരു പത്രപ്രവർത്തകനെ ശാസിച്ചതായും ഇത് വീണ്ടും സംശയങ്ങൾ ഉയർത്തുന്നതായും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമായ ഫോൺ ചോർത്തലിലൂടെ അല്ലാതെ അത്തരം വിവരങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ബിആർഎസ് നേതാവ് ചോദിച്ചു.
മന്ത്രിമാരുടെ ഫോണിൽ കോളുകളും സന്ദേശങ്ങളും ചോർത്തുന്നതിനായി മാൽവെയർ സ്ഥാപിച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളും ബിആർഎസ് നേതാവ് ചൂണ്ടിക്കാട്ടി. സത്യം പുറത്തുകൊണ്ടുവരാൻ മന്ത്രിമാരെ വിളിച്ചുവരുത്തി അവരുടെ ഫോണുകളിൽ ഫോറൻസിക് പരിശോധന നടത്തണമെന്നും അദ്ദേഹം എസ്‌ഐടിയോട് ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തനിക്ക് നോട്ടീസ് ലഭിച്ചാൽ എസ്‌ഐടിയുമായി സഹകരിക്കാൻ തയ്യാറാണെന്ന്
വ്യക്തമാക്കിയിരുന്നു.
ഫോൺ ചോർത്തൽ ആരോപണങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആരുടെ ഫോണുകളാണ് ചേർത്തിയത് എന്നതിൻ്റെ വിശദാംശങ്ങൾ അടങ്ങിയ ഒരു സീൽ ചെയ്ത പട്ടിക സർക്കാർ കോടതിയിൽ സമർപ്പിക്കണമെന്നും ബിആർഎസ് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി മാത്രമേ ഫോൺ ചോർത്തൽ അനുവദിക്കുന്നുള്ളൂ എന്ന ടെലിഗ്രാഫ് നിയമത്തിലെ സെക്ഷൻ അഞ്ചും ബിആർഎസ് ചുണ്ടിക്കാണിച്ചു.
Content Highlight : Phone-Tapping Rampant Under Revanth Reddy, Alleges Opposition Leader