പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ ഭീകരരായിരിക്കാമെന്ന് പി ചിദംബരം, പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നുവെന്ന് ബിജെപി

എങ്ങനെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന ചോദ്യം ഉയരുമോ എന്ന ഭയം കൊണ്ടാണോ പഹല്‍ഗാം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും പി ചിദംബരം ചോദിച്ചു

dot image

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ ഭീകരരായിരിക്കാമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദത്തില്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരായ ഭീകരര്‍ക്ക് പങ്കുണ്ടായിരിക്കാമെന്നും അക്രമികള്‍ പാകിസ്താനില്‍ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്തൊക്കെയാണ് എന്നുമാണ് അദ്ദേഹം ചോദിച്ചത്. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

'ഭീകരാക്രമണത്തിനുശേഷം എന്‍ഐഎ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അവര്‍ തീവ്രവാദികളെ തിരിച്ചറിഞ്ഞോ? അവര്‍ എവിടെനിന്നും വന്നവരാണ്? ഒരുപക്ഷെ അവര്‍ ഇന്ത്യയില്‍ തന്നെയുളള തീവ്രവാദികളാകാം. ഭീകരര്‍ പാകിസ്താനില്‍ നിന്നും വന്നവരാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവുകളൊന്നും ഇല്ലല്ലോ? '-എന്നാണ് പി ചിദംബരം പറഞ്ഞത്.

പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനുണ്ടായ നഷ്ടങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും ചിദംബരം അഭിമുഖത്തില്‍ ആരോപിച്ചു. 'അവര്‍ നഷ്ടങ്ങള്‍ മറച്ചുവെക്കുകയാണ്. യുദ്ധമുണ്ടാകുമ്പോള്‍ രണ്ടുഭാഗത്തും നഷ്ടങ്ങളുണ്ടാകുമെന്ന് ഞാന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. അതുപോലെ യുദ്ധത്തില്‍ ഇന്ത്യയ്ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടാകും എന്ന് ഉറപ്പാണ്'- ചിദംബരം പറഞ്ഞു.

സര്‍ക്കാര്‍ എന്തിനാണ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന ചോദ്യം ഉയരുമോ എന്ന ഭയം കൊണ്ടാണോ പഹല്‍ഗാം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും ചര്‍ച്ചയുണ്ടായാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റാണെന്ന സത്യം പറയേണ്ടിവരുമെന്ന് പേടിയാണോ എന്നും പി ചിദംബരം ചോദിച്ചു.

അതേസമയം, പി ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാട്ടുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യ പോരാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെപ്പോലെയല്ല, ഇസ്ലാമാബാദിന്റെ അഭിഭാഷകരെപ്പോലെയാണ് പ്രതികരിക്കുന്നത്. ദേശീയസുരക്ഷയുടെ കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ടതാണ്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറല്ല. അവര്‍ക്ക് ശത്രുവിനെ സംരക്ഷിക്കുന്നതിലാണ് താല്‍പ്പര്യമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: They could be homegrown terrorists: p chidambaram about pahalgam attack, bjp says clean chit to pakistan

dot image
To advertise here,contact us
dot image