
ന്യൂഡൽഹി: കേരളത്തെ പ്രശംസിച്ച ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും ഹോട്ട് മെയിൽ സ്ഥാപകനുമായ സബീർ ഭാട്ടിയയെയും കേരളത്തെയും അധിക്ഷേപിച്ച് എക്സിൽ മറുപടി കമൻ്റുകൾ. കേരളം വിദ്യാസമ്പന്നരുടെ നാടെന്നും, ഹിന്ദു ഭൂരിപക്ഷമെങ്കിലും വർഗീയ കലാപങ്ങളില്ലാത്ത നാടെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെപ്പോലെയാകണമെന്നും സബീർ ഭാട്ടിയ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അധിക്ഷേപകരമായ കമൻ്റുകൾ വന്നിരിക്കുന്നത്.
എക്‌സിലായിരുന്നു സബീർ ഭാട്ടിയ കേരളത്തെ പുകഴ്ത്തി രംഗത്തെത്തിയത്. '100 ശതമാനം സാക്ഷരത. വർഗീയ കലാപങ്ങളില്ല. ഭൂരിഭാഗവും ഹിന്ദുക്കൾ. നല്ല പ്രകൃതി. ഒട്ടേറെ സ്ത്രീകൾ ജോലി ചെയ്യുന്നു. ഒച്ചപ്പാടില്ലാതെ കേരളം നിശബ്ദമായി മുന്നേറുകയാണ്. എന്തുകൊണ്ടാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തെപ്പോലെയാകാൻ കഴിയാത്തത്?' എന്നാണ് സബീർ ഭാട്ടിയ എക്‌സിൽ കുറിച്ചത്. എന്നാൽ ഇന്ത്യയുടെ ടൂറിസ്റ്റ് പറുദീസയായ കേരളത്തിൽ ISIS റിക്രൂട്ടുകാർ എങ്ങനെയാണ് വളക്കൂറുള്ള മണ്ണ് കണ്ടെത്തിയത് എന്നായിരുന്നു സബീർ ഭാട്ടിയയ്ക്കുള്ള മറുപടിയായി ഒരു യൂസറുടെ അധിക്ഷേപകരമായ കമൻ്റ്.
സബീറിന്റെ ട്വീറ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തെ ഇകഴ്ത്തികൊണ്ടുമുള്ള മറുപടികളാണ് ബഹുഭൂരിപക്ഷവും. കേരളത്തിൽ 100 ശതമാനം സാക്ഷരതയില്ലെന്ന കമൻ്റുകളും വന്നിട്ടുണ്ട്. സബീർ പാകിസ്താനിയാണെന്നും കേരളത്തിൽ മതപരിവർത്തനം നടക്കുകയാണെന്നും ഒരു യൂസർ ആരോപിക്കുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടുതലാണെന്നും സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണെന്നും ഒരാൾ പറയുന്നു.
100% literacy. No riots. Majority Hindu. Women in the workforce. Nature at its best. Kerala quietly leads while others shout slogans. Why can’t the rest of India be more like Kerala?
— Sabeer Bhatia (@sabeer) July 27, 2025
വിമർശിച്ചും കുറ്റം പറഞ്ഞുകൊണ്ടുമുള്ള പോസ്റ്റുകൾക്ക് സബീർ മറുപടി നൽകുന്നുമുണ്ട്.
കേരളം തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ആകെ രണ്ട് പേർ മാത്രമേ പോയതിനാണോ ഇങ്ങനെ വിശേഷിപ്പിക്കുന്നത് എന്ന് സബീർ ചോദിക്കുന്നുണ്ട്. കേരളത്തിൽ ജീവിച്ചുനോക്കിയാൽ അവിടുത്തെ അവസ്ഥയറിയാം എന്ന് ഒരു യൂസർ പറഞ്ഞപ്പോൾ തീർച്ചയായും പോകും എന്ന് പോസിറ്റീവ് ആയി മറുപടി പറയുകയായിരുന്നു സബീർ ചെയ്‍തത്.
സബീറിന്റെ വാദത്തെ അനുകൂലിച്ചും കേരളത്തെ പുകഴ്ത്തിയും ചിലർ രംഗത്തുവരുന്നുണ്ട്. കേരളം മികച്ച സംസ്ഥാനമായി മാറിയത് വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണ് എന്ന് ഒരു യൂസർ പറയുന്നുണ്ട്. കേരളത്തിന്റെ അത്ര മുന്നേറാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അത് വലിയ നേട്ടമാണെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിൽ വലിയ ഒരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് സബീറിന്റെ എക്സ് പോസ്റ്റ്.
Content Highlights: X divided over entrepreneur sabeer bhatias post praising kerala