
ന്യൂഡല്‍ഹി: ഉറക്ക ഗുളികകള്‍ സ്ഥിരമായി ഓണ്‍ലൈനായി വാങ്ങിയിരുന്ന 62 കാരിയായ അധ്യാപികയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി തട്ടിയത് 77 ലക്ഷം രൂപ. ന്യൂ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച തട്ടിപ്പിലൂടെ പല തവണയായാണ് പ്രതികള്‍ 77 ലക്ഷം രൂപ തട്ടിയത്. ഇവരെ പിടികൂടിയെങ്കിലും നഷ്ടമായ പണം മുഴുവന്‍ തിരികെ ലഭിച്ചിട്ടില്ല.
2024 ഓഗസ്റ്റിലാണ് ആദ്യമായി അധ്യാപികയെ തേടി തട്ടിപ്പുക്കാരുടെ കോളെത്തുന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസറാണെന്ന വ്യാജേനയായിരുന്നു സംഭാഷണം. ഉറക്ക ഗുളികള്‍ എന്തിനാണ് എല്ലാ മാസവും വാങ്ങുന്നതെന്നും നിയമ വിരുദ്ധമായ ഗുളികകളാണ് നിങ്ങള്‍ വാങ്ങുന്നതെന്നുമായിരുന്നു വിളിച്ചയാള്‍ ആദ്യം പറഞ്ഞത്. പിന്നാലെ അധ്യാപിക മയക്കു മരുന്ന് വിതരണക്കാരിയാണോ എന്ന് സംശയം ഉണ്ടെന്നും ഉടന്‍ തന്നെ പണം കെട്ടിവെച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ 3 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
തുടര്‍ന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം എന്‍സിബി ഓഫീസറെന്ന പേരില്‍ മറ്റൊരാള്‍ ഇവരെ വിളിച്ചു. ഇത്തവണ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ചത്. പിന്നാലെ ഇവരില്‍ നിന്ന് തട്ടിയതില്‍ നിന്ന് 20,000 രൂപ വിശ്വാസം പിടിച്ച് പറ്റാന്‍ തിരികെ നല്‍കുകയും ചെയ്തു. ഇതോടെ പണം തിരികെ ചെറിയ തുകകളായി തനിക്ക് തിരികെ ലഭിക്കുമെന്ന് അധ്യാപികയും വിശ്വസിച്ചു.
എന്നാല്‍ പദ്ധതി മറ്റൊന്നായിരുന്നു. പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അധ്യാപികയെ തേടി നാല് പേരടങ്ങുന്ന ഒരു വീഡിയോ കോളായിരുന്നു പിന്നീടെത്തിയത്. പണം തിരികെ നല്‍കാമെന്നും അതിനായി കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുറന്ന് ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ മനസിലാക്കിയ സംഘം കോള്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ചിട്ടും കോള്‍ ലഭിക്കുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ് അക്കൗണ്ടിലെ മുഴുവന്‍ തുകയും നഷ്ടമായെന്ന വിവരം അധ്യാപിക അറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പ്രതികളെ ഡല്‍ഹിയില്‍ നിന്ന് തന്നെ പിടികൂടി. എന്നിരുന്നാലും പൂര്‍ണമായി തുക തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Content Highlights- Rs 77 lakhs stolen from 62-year-old woman who regularly bought sleeping pills online