
റായ്പൂർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ്. പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ്ദളിനെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ റെയില്‍വേ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.
Content Highlights- Arrest of Chhattisgarh nuns: Chhattisgarh Chief Minister supports Bajrang Dal