
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇത് പ്രകാരം അഞ്ച് വർഷത്തെ വിദേശയാത്രകൾക്ക് ചിലവായത് 362 കോടി രൂപയാണ്.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ചെയ്ത യാത്രകൾക്ക് ചിലവായ തുകയാണ് 362 കോടി രൂപ. ഇതിൽ 2025ൽ മാത്രം 67 കോടി രൂപയാണ് ഇതുവരെ ചിലവായത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയായിരുന്നു ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. 25 കോടി രൂപ. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.
2024ൽ പ്രധാനമന്ത്രി 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. ജനങ്ങളുമായി ആശയവിനിമയം, പരസ്യങ്ങൾ, ബ്രോഡ്‌കാസ്റ്റ് ചിലവുകൾ എല്ലാം ചേർത്താണ് മൊത്തം ചിലവുകൾ കണക്കാക്കുക.
Content Highlights: prime ministers foreign tour trip expense details out