
ന്യൂ ഡൽഹി: ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭഗവതുമായി വിവിധ മുസ്‌ലിം മതനേതാക്കളും പുരോഹിതന്മാരും കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഹരിയാന ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 'ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ' സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ അറുപതോളം പുരോഹിതന്മാരും മതനേതാക്കളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മോഹൻ ഭാഗവതിനൊപ്പം മുതിർന്ന ആർഎസ്എസ് നേതാക്കളായ കൃഷ്ണഗോപാൽ, ഇന്ദ്രേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
'സംവാദ്' എന്ന പേരിലാണ് 'ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ' കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നുവന്നു. രാജ്യത്ത് മതസൗഹാർദ്ദം നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും വെറുപ്പ് ഇല്ലാതാകണമെന്നും ഇരുഭാഗവും ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും ഇത്തരം കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്ന് മുസ്‌ലിം പുരോഹിതർ അറിയിച്ചു.
കൂടിക്കാഴ്ച പോസിറ്റിവ് ആയിരുന്നുവെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംഭാഷണം തുടരുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നും ആർഎസ്എസ് നേതാവ് സുനിൽ അംബേദ്‌കർ പറഞ്ഞു. രാജ്യതാത്പര്യങ്ങൾ മുൻനിർത്തി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതാണ് സംസാരവിഷയമായത് എന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും ഇത്തരം വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്താൻ തീരുമാനിച്ചതായും 'ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ' പ്രതിനിധി ഉമർ അഹ്മദ് ഇല്യാസി വ്യക്തമാക്കി. രാജ്യപുരോഗതിക്ക് മുസ്‌ലിം പുരോഹിതന്മാരുടെ സംഭാവനകൾ എത്തരത്തിലാകണമെന്ന ചർച്ചകൾ ഉണ്ടായി എന്നും എന്നാൽ വഖഫ്, ആരാധനലായ തർക്കങ്ങൾ തുടങ്ങിയ വിവാദ വിഷയങ്ങൾ ചർച്ചയായില്ലെന്നും ഇല്യാസി വ്യക്തമാക്കി.
Content Highlights: Mohan Bhagwat holds meeting with muslim religious leaders