

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് ആശംസകളുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയ സഞ്ജു ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മിന്നിക്കുമെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കേരളം മുഴുവന്‍ സഞ്ജുവിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും നല്ല അവസരമാണ്. കേരളം മുഴുവന്‍ സഞ്ജുവിന്റെ കൂടെ നില്‍ക്കുകയല്ലേ. ആ ആവേശം സഞ്ജുവിന് ഉണ്ടാകും. അദ്ദേഹം ഏറ്റവും നല്ല ഫോമിലായിരിക്കും. മോശം സമയം എല്ലാവര്‍ക്കും ഉണ്ടാകും. അത് എല്ലാ താരങ്ങള്‍ക്കും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. പക്ഷേ അത് മാറും. ഇന്ന് ഏറ്റവും നല്ല പ്രകടനം സഞ്ജുവിന്റേതാകും', മന്ത്രി വി അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്‌ജു സാംസൺ ആദ്യമായി സ്വന്തം നാട്ടിൽ ഇന്ത്യൻ കുപ്പായമണിയുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൽഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 മത്സരം. പരമ്പരയിൽ ഇന്ത്യ 3–1ന് മുന്നിലാണ്. നാലുമത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന സഞ്ജു, സ്വന്തം മണ്ണിൽ തകർപ്പൻ ഫോമിലേക്ക് തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Minister V Abdurahiman wishes Sanju Samson ahead of IND vs NZ 5th T20 at Thiruvananthapuram