
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയില്‍ പോയതായി റിപ്പോര്‍ട്ട്. 102 ഓളം പൈലറ്റുമാരാണ് അപകടം നടന്ന് നാല് ദിവസത്തിന് ശേഷം മെഡിക്കല്‍ ലീവിലേക്ക് കടന്നത്. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നുണ്ടെന്നും പരിശീലനത്തിനായി ഗൈഡ്‌ലൈന്‍ നല്‍കിയിട്ടുണ്ടെന്നും വ്യോമയാനസഹമന്ത്രി മുരളീധര്‍ മൊഹല്‍ ലോക്‌സഭയെ അറിയിച്ചു.
പൈലറ്റുമാരുടെ മാനസികാരോഗ്യം, പ്രത്യേകിച്ച് ഒരു അപകടത്തിന് ശേഷം തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് 51 കമാന്‍ഡര്‍മാരും 61 ഫ്‌ലൈറ്റ് ഓഫീസര്‍മാരും ആ ദിവസം അവധിക്ക് അപേക്ഷിച്ചതായി മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം അഗ്‌നിഗോളമായി മാറി നിലംപതിക്കുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.
Content Highlights- Minister says 102 pilots have gone on leave after Ahmedabad plane crash