ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പരിഗണനയില്‍: തേജസ്വി യാദവ്

'നേരത്തെ വോട്ടര്‍മാരാണ് സര്‍ക്കാരിനെ തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയായി.'- തേജസ്വി യാദവ് പറഞ്ഞു.

dot image

പട്‌ന: ബിഹാറിൽ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുകള്‍ സ്വീകരിക്കുന്നത് ബിജെപിയില്‍ നിന്നാണെന്നും അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പ്രതിപക്ഷം പരിഗണിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മഹാസഖ്യത്തിന്റെ സഖ്യകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് തേജസ്വി പറഞ്ഞു.

'വ്യാജ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭരണം പിടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ അര്‍ത്ഥമെന്താണ്? ബഹിഷ്‌കരണത്തെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അന്തിമ തീരുമാനം സഖ്യ കക്ഷികളുമായി കൂടിയാലോചിച്ചായിരിക്കും. നേരത്തെ വോട്ടര്‍മാരാണ് സര്‍ക്കാരിനെ തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയായി.'- തേജസ്വി യാദവ് പറഞ്ഞു.

അതേസമയം, ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും. യോഗ്യരായ ഒരു വോട്ടറെയും പുറത്താക്കുകയോ അയോഗ്യരായ ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു. രണ്ടുമണിക്ക് സഭ കൂടിയെങ്കിലും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞിരുന്നു.

Content Highlights: Opposition may boycott Bihar assembly election says tejashwi yadav

dot image
To advertise here,contact us
dot image