
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. റാംപൂരില്‍ ആണ്‍കുഞ്ഞിനെ തലകീഴാക്കി പിടിച്ചുകൊണ്ട് പിതാവ് സഞ്ജു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു. രണ്ട് ലക്ഷവും ഒരു കാറുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.
'എട്ട് മാസം പ്രായമുള്ള കുഞ്ഞാണെനിക്കുള്ളത്. ആരും എന്നെ കേള്‍ക്കാനില്ല. ഇനി എനിക്ക് മുന്നോട്ട് പോയെ പറ്റൂ. അവര്‍ എന്നോട് സ്ത്രീധനം ആവശ്യപ്പെട്ടു, ഇപ്പോള്‍ ഈ ഗ്രാമത്തിലൂടെ മുഴുവന്‍ എന്റെ കുഞ്ഞിനെ തലകീഴായി പിടിച്ച് വലിച്ചിഴച്ചു. ഈ ഗ്രാമത്തിലുള്ളവരോട് ചോദിക്കൂ. അവര്‍ എല്ലാവരും കുഞ്ഞിനെ വലിച്ചിഴച്ച് കൊണ്ട് പോകുന്ന വീഡിയോ കണ്ടിരുന്നു. വീഡിയോ എടുക്കൂവെന്ന് ഇയാളാണ് ആളുകളോട് പറഞ്ഞത്. അയാള്‍ നിരന്തരം എന്നോട് പണം ആവശ്യപ്പെട്ടു. എൻ്റെ കയ്യില്‍ കാശില്ല, ഞാനെവിടെ നിന്നെടുത്ത് കൊടുക്കും', സുമന്‍ പറഞ്ഞു.
ഒടുവില്‍ അയാള്‍ കുഞ്ഞിനെ തലകീഴായി പിടിച്ച് നാല് തവണ ഗ്രാമം മുഴുവന്‍ കറങ്ങുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഇപ്പോള്‍ കുഞ്ഞിന് സുഖമില്ലാതായെന്നും കുഞ്ഞിന്റെ ഇടുപ്പ് ഇളകിയിരിക്കുകയാണെന്നും സുമന്‍ പറഞ്ഞു. പൊലീസ് തന്നെ കേള്‍ക്കുന്നില്ലെന്നും അയാളുടെ കുടുംബത്തിലെ മുഴുവന്‍ പേരെയും ജയിലിലടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ കുഞ്ഞ് നിലവില്‍ ചികിത്സയിലാണ്. ഭാര്യയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ഇയാളുടെ പ്രതികരണം. സംഭവത്തില്‍ സഞ്ജുവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Father attacked 8 month baby at Uttar Pradesh